ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് തുറക്കുന്നതിലൂടെ നാലര പതിറ്റാണ്ടായി ജനം താലോലിക്കുന്ന സ്വപ്നമാണ് യാഥാർത്ഥ്യമാക്കാനായതെന്ന് മന്ത്രി ജി.സുധാകരൻ. ദേശീയപാതയിലെ ഗതാഗതത്തിന് ഏറെ വേഗം നൽകാൻ കൊല്ലം, ആലപ്പുഴ ബൈപാസുകൾ സഹായിക്കും. ഇത് പിണറായി സർക്കാരിന്റെ വലിയ ഭരണനേട്ടങ്ങളിലൊന്നായി കാലം വിലയിരുത്തുമെന്നും കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ദേശീയപാത ആറുവരിയായി വികസിപ്പിക്കുകയാണ്. ആവശ്യമായ ഭൂമി നോട്ടിഫിക്കേഷൻ വഴി സർക്കാരിന്റെ കൈവശമായി. ഇനി പണം കൊടുക്കലിലേക്കു കടക്കും. ആഗസ്റ്റ്, സെപ്തംബർ മാസത്തോടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും പണികൾ തീർക്കും. വെറുതെ പറച്ചിലല്ല, കാര്യങ്ങൾ നടത്തുകയാണല്ലോ. വൈറ്റില, കുണ്ടന്നൂർ പാലം തുറന്നതും പാലാരിവട്ടം പാലം പുരോഗമിക്കുന്നതുമെല്ലാം കാണേണ്ടതല്ലേ.
? റോഡ് നിർമ്മാണ പുരോഗതി എങ്ങനെ വിലയിരുത്തുന്നു.
ദേശീയപാത 66-ന്റെ വികസനത്തിനു മാത്രം 60,000 കോടിയാണ് കേന്ദ്രം തന്നത്. 15,000 കോടി സംസ്ഥാനം വഹിക്കണം. 40,000 കോടിയും ഭൂമി ഏറ്റെടുക്കലിനാണ്. 2013-ൽ പാസാക്കിയ സ്ഥലമെടുപ്പ് നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കൽ. ഉടമകൾക്ക് നല്ല വില കിട്ടും. ആലപ്പുഴ-ചങ്ങനാശ്ശേരി പാത, ചേർത്തല- വൈക്കം പാത, കായംകുളം- പുനലൂർ പാത എന്നിവ മികച്ച നിലവാരത്തിലാക്കി. കൊല്ലം- ചെങ്കോട്ട ദേശീയപാതയും മികച്ച രീതിയിലാണ് പുനർനിർമ്മിച്ചത്.
? പൊതുമരാമത്ത് വകുപ്പ് എത്ര കോടിയുടെ നിർമ്മാണം നടത്തി.
ദേശീയപാതയിലുൾപ്പെടെ 1,05,608 കോടിയുടെ നിർമ്മാണം. കേന്ദ്ര ഫണ്ട്, നബാർഡ്, കെ.എസ്.ടി.പി, കിഫ്ബി, റീബിൽഡ് കേരള തുടങ്ങിയ ഏജൻസികളിൽ നിന്നുള്ള സഹായമാണ് വിനിയോഗിച്ചത്.
?യു.ഡി.എഫ് കാലത്ത് സ്ഥലമെടുപ്പിനെ ഇടതുപക്ഷം എതിർത്തെന്ന് കെ.സി.വേണുഗോപാൽ വിമർശിച്ചല്ലോ.
ബൈപ്പാസ് നിർമ്മിക്കാത്തതിനായിരുന്നു പ്രക്ഷോഭം. സമരത്തിന് ഞാനും പോയിരുന്നു. 2014 ലാണ് ഡി.പി.ആർ തയ്യാറാക്കുന്നത്. 2015 -ൽ ഭരണാനുമതി. രണ്ടര വർഷം കൊണ്ട് 15 ശതമാനമാണ് തീർത്തത്. കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ അവർക്കിത് പൂർത്തിയാക്കാമായിരുന്നില്ലേ? ഇടതു സർക്കാർ നാലു വർഷം കൊണ്ടാണ് തീർത്തത്. 15 ശതമാനം ജോലികൾ തീർത്തതിന് കെ.സി. വേണുഗോപാലിന് പങ്കുണ്ടെന്നത് യാഥാർത്ഥ്യമാണ്. പക്ഷേ മുഖ്യമന്ത്രി പിണറായിവിജയനും ജി.സുധാകരനുമൊക്കെ ചെയ്ത കാര്യങ്ങൾ പറയാനും തയ്യാറാകണം. അവർ ചെയ്ത പ്രവൃത്തികളുടെ ബില്ല് കൊടുത്തുതീർത്തത് ഞാൻ ചുമതലയേറ്റപ്പോഴാണ്. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി കാര്യങ്ങൾ ഭംഗിയായി നടത്തുകയാണ് പ്രധാനം.
? ബൈപ്പാസ് നിർമ്മാണത്തിൽ നേരിട്ട ആദ്യ പ്രതിസന്ധി.
ആദ്യത്തെ ഡി.പി.ആറിൽ അപ്രോച്ച് റോഡുണ്ടായിരുന്നില്ല.കൊമ്മാടിയിലും കളർകോട്ടും അപ്രോച്ച് റോഡ് നിർമ്മിക്കാതെ വാഹനങ്ങൾ എവിടെപ്പോയി ഇറങ്ങും? വർഷങ്ങളോളം ഇത് ഉപയോഗിക്കാനാവാതെ വന്നത് ഇക്കാരണത്താലാണ്. പല്ലന കുമാരകോടിയിലും പാലവും അപ്രോച്ച് റോഡും നിർമ്മിച്ചു. ബൈപാസിന് 172 കോടി വീതമാണ് കേന്ദ്ര- സംസ്ഥാന വിഹിതം. രണ്ട് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണാനുമതിക്ക് 7.25 കോടി കെട്ടിവയ്ക്കേണ്ടി വന്നു. രണ്ട് ജംഗ്ഷനുകളുടെ വികസനമുൾപ്പെടെ 25 കോടിയാണ് സംസ്ഥാനം ചെലവഴിച്ചത്. അതിന്റെ 50 ശതമാനം കേന്ദ്രം തന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |