തിരുവനന്തപുരം: കുട്ടികളുടെ നിഷ്കളങ്ക ചിന്തയിലൂടെ മുന്നേറുന്ന മറാഠി ചിത്രം 'സ്ഥൽപുരാൺ' കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ മലയാള ചിത്രം 'ഹാസ്യം' ഇന്നലെ ഈ രണ്ട് ചിത്രങ്ങളുമാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തിയ ഡെലിഗേറ്റുകൾക്കിടയിൽ സജീവ ചർച്ചയായത്.
എട്ടു വയസുകാരൻ ദിഘുവിന്റെ ഓർമ്മകളിൽ മാത്രമാണ് അച്ഛൻ എത്തുന്നത്. പൂനെയിൽ നിന്നും കൊങ്കൺ തീരത്തെ ഗ്രാമത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരിക്കുമൊപ്പം കഴിയുന്ന ദിഘു മഴയിലും വെയിലിലും അച്ഛനെ കാണുന്നു. മറാഠി സംവിധായകൻ അക്ഷയ് ഇന്ദികാർ ഒരു ബാലന്റെ മനസിലൂടെ അവന്റെ എഴുത്തുകളിലൂടെ ഇടത്തരം കുടുംബത്തിന്റെ മനോവേദനകൾ കൂടി 'സ്ഥൽപുരാണി'ൽ പ്രേക്ഷകരുമായി പങ്കുവച്ചു. വേറിട്ട ദൃശ്യഭംഗി കൂടി സമ്മാനിച്ച മത്സരവിഭാഗത്തിലെ ചിത്രത്തെ പ്രേക്ഷകർ കൈയടികളോടെ സ്വീകരിച്ചു.
തന്റെ സ്വന്തം അനുഭവങ്ങളുടെ കൂടി വെളിച്ചത്തിലാണ് 'സ്ഥലപുരാൺ' ഒരുക്കിയതെന്ന് അക്ഷയ് ഇന്ദികാർ പറഞ്ഞു. കൈരളി തിയേറ്ററിൽ സിനിമ കാണാൻ അദ്ദേഹം ഭാര്യ തേജശ്രീ, മകൾ സാവു എന്നിവരേയും കൂട്ടിയാണ് എത്തിയത്.
നവരസ പരമ്പരയിൽ ജയരാജ് ഒരുക്കിയ എട്ടാമത്തെ സിനിമയാണ് 'ഹാസ്യം'. മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ (മസ്തിഷ്‌ക മരണം സംഭവിച്ച രോഗി) എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന 'ജപ്പാൻ' എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അച്ഛന്റെ മരണത്തിലും പണം കണ്ടെത്താൻ കാത്തിരിക്കുന്ന ജപ്പാൻ എന്ന കഥാപാത്രം ഹരിശ്രീ അശോകന്റെ അഭിനയ ജീവിതത്തിലെ വേറിട്ടു നിൽക്കുന്നതാണ്. മത്സരവിഭാഗത്തിൽ ബ്രസീലിയൻ ചിത്രം 'ഡെസ്റ്ററോ'യുടെ ആദ്യ പ്രദർശനവും ഇന്നലെ നടന്നു. മരിയ ക്ലാര സംവിധാനം ചെയ്ത ഈ ചിത്രം കുടുംബബന്ധങ്ങളിലെ താളപ്പിഴകളിലേക്ക് കാമറ തിരിക്കുന്നു.
മണി ആറടിച്ചു ചുരുളി ഫുൾ!
ഇന്നലെ റിസർവേഷൻ സമയം തുടങ്ങിയപ്പോൾ തന്നെ ഇന്ന് പ്രദർശിപ്പിക്കുന്ന ചുരുളിയുടെ മുഴുവൻ സീറ്റുകളും ഫുൾ. 5.50 മുതൽ മൊബൈലിലെ ആപ്പ് നോക്കി ബുക്ക് ചെയ്യാനിരുന്നവർ പോലും നിരാശരായി. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ 'വാസന്തി'യുടെ സീറ്റുകളും നേരത്തെ റിസർവേഷൻ ഫുള്ളായിരുന്നു.
ലോക സിനിമാ വിഭാഗത്തിൽ ദി വേസ്റ്റ് ലാൻഡ്, സാറ്റർഡേ ഫിക്ഷൻ, 200 മീറ്റേഴ്‌സ്, നോ വെയർ സ്‌പെഷ്യൽ,
9.75, ക്വോ വാഡിസ്, ഐഡ തുടങ്ങിയ 11 ചിത്രങ്ങളും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ അരുൺ കാർത്തിക്ക് സംവിധാനം ചെയ്ത നാസിറും ഇന്ന് പ്രദർശിപ്പിക്കും. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടിയ കിയോഷി കുറൊസാവ ചിത്രം വൈഫ് ഒഫ് എ സ്‌പൈയുടെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ടാകും. ചോലയ്ക് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം, കെ.പി. കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയിൽ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ മലയാളചിത്രങ്ങളും ഇന്നത്തെ പ്രദർശനത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |