എൽഡിഎഫിന് ഭരണത്തുടർച്ച നൽകുന്നതിലൂടെ മാത്രമേ കേരളത്തിന്റെ മണ്ണിൽ നിന്നും സംഘ്പരിവാർ ഭീഷണിയെ എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് സിപിഎം. സോഷ്യൽ മീഡിയ വഴിയാണ് പാർട്ടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. യുഡിഎഫ്, എൽഡിഎഫ് ഭരണകാലങ്ങളിലെ എൻഡിഎയുടെ വളർച്ചയെ സൂചിപ്പിക്കുന്ന ഒരു ഗ്രാഫും സോഷ്യൽ മീഡിയാ പോസ്റ്റിനൊപ്പം സിപിഎം നൽകിയിട്ടുണ്ട്. ഇടതുപക്ഷം ഭരണത്തിലിരുന്ന കാലഘട്ടങ്ങളിലെല്ലാം സംഘ്പരിവാറിന്റെ സ്വാധീനം ക്ഷയിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ സ്ഥിതിയും ഈ കണക്കിനോടൊപ്പം ചേർത്തു വായിക്കണം. പാർട്ടി പറയുന്നു. സംഘ്പരിവാറിനെതിരെയും മറ്റു വർഗീയശക്തികളെയും നാട്ടിൽ നിന്നും ഇല്ലായ്മ ചെയ്യാനും, കേരളത്തെ വികസനവഴിയിൽ മുന്നോട്ടു നയിക്കാനും, ജനക്ഷേമം ഉറപ്പു വരുത്താനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം ഉണ്ടായാൽ മാത്രമേ സാധിക്കൂവെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
കുറിപ്പ് ചുവടെ:
'ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണത്തുടർച്ചയ്ക്കു മാത്രമേ കേരളമണ്ണിൽ നിന്നും സംഘപരിവാർ ഭീഷണിയെ എന്നെന്നേക്കുമായി നിർമാർജനം ചെയ്യുവാൻ കഴിയുകയുള്ളൂ. കേരളത്തിൽ, കഴിഞ്ഞ പതിനഞ്ചു വർഷക്കാലയളവിലെ തെരെഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ, ഇടതുപക്ഷം ഭരണത്തിലുണ്ടായിരുന്ന കാലത്തെല്ലാം സംഘപരിവാറിന്റെ രാഷ്ട്രീയശക്തി ക്ഷയിക്കുന്നതായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇതോടൊപ്പം ചേർത്തു വായിക്കേണ്ടത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ അനുഭവമാണ്.
സംഘപരിവാറിനെ അധികാരത്തിൽ നിന്നകറ്റാനാണെന്ന അവകാശവാദമുന്നയിച്ചു കൊണ്ടു വോട്ടു തേടി വിജയിച്ചയിടങ്ങളിൽ കോൺഗ്രസ്സിനെന്തു സംഭവിച്ചു എന്നതും വിശദപരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. നമ്മുടെ തൊട്ടപ്പുറത്തു കിടക്കുന്ന പുതുച്ചേരിയിൽ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കോൺഗ്രസ്സ് മന്ത്രിസഭ ന്യൂനപക്ഷമായത് ഇന്നാണ്. രണ്ടു മന്ത്രിമാരുൾപ്പടെ നാല് പേരാണ് കോൺഗ്രസ്സിൽ നിന്നും രാജി വെച്ച് ബിജെപിയിൽ ചേർന്നത്. കർണാടകയിലും അധികാരത്തിലിരുന്നിട്ടു പോലും ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്ക് തടയാൻ കോൺഗ്രസ്സിനു സാധിച്ചില്ല.
ഗോവയിലാകട്ടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചിട്ടു പോലും കോൺഗ്രസ്സിൽ നിന്നു ഒരു വിഭാഗത്തിനു പാർടി വിട്ടു ബിജെപിക്കു പിന്തുണ നൽകാൻ ഒരു മനസ്താപവുമുണ്ടായിരുന്നില്ല. പ്രതിപക്ഷനേതാവിന് ചുമതലയുണ്ടായിരുന്ന മണിപ്പൂരുൾപ്പടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് സംഭവിച്ചതും മറ്റൊന്നല്ല. കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്ന മണിപ്പൂരിൽ തെരെഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ 28 സീറ്റുമായി കോൺഗ്രസ്സായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ, ഒരു കൂട്ടം കോൺഗ്രസ്സ് എംഎൽഏമാരുടെ പിന്തുണയാൽ ബിജെപി അവിടെ അധികാരം പിടിച്ചു.
അരുണാചൽ പ്രദേശിലാകട്ടെ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയുൾപ്പടെ 44ൽ 43 പേരും ബിജെപിയിലേക്ക് കൂറുമാറ്റി. മദ്ധ്യപ്രദേശിൽ കോൺഗ്രസ്സ് പാരമ്പര്യമുള്ള യുവനേതാവു തന്നെയാണ് വിജയിച്ച കോൺഗ്രസ്സ് എംഎൽഎമാരെയും കൊണ്ടു ബിജെപിയിലേക്ക് പോകാൻ നേതൃത്വം നൽകിയത്. ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. സംഘപരിവാറിനെതിരെയും മറ്റു വർഗീയശക്തികളെയും നമ്മുടെ നാട്ടിൽ നിന്നും ഇല്ലായ്മ ചെയ്യാനും, കേരളത്തിനെ വികസനവഴിയിൽ മുന്നോട്ടു നയിക്കാനും, ജനക്ഷേമം ഉറപ്പു വരുത്താനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം ഉണ്ടായാൽ മാത്രമേ സാധിക്കൂ.'
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണത്തുടർച്ചയ്ക്കു മാത്രമേ കേരളമണ്ണിൽ നിന്നും സംഘപരിവാർ ഭീഷണിയെ എന്നെന്നേക്കുമായി...
Posted by CPIM Kerala on Tuesday, 16 February 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |