കൊല്ലം: മുറിയിൽ ഉറങ്ങിക്കിടന്ന ഉത്ര പാമ്പ് കടിച്ചത് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ലെന്ന് മൊഴി നൽകി വാവ സുരേഷ്. ഭർതൃവീട്ടിലെ രണ്ടാംനിലയിൽ വച്ച് ഉത്രയെ അണലി കടിച്ച സംഭവത്തിലും അസ്വാഭാവികത തോന്നിയെന്നും വാവ സുരേഷ് പറഞ്ഞു. അണലി ഒരിക്കലും രണ്ടാംനിലയിലേക്ക് കയറി കടിക്കില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അറിഞ്ഞയുടൻ പൊലീസിനോട് പറഞ്ഞതായും കൊല്ലം ആറാം സെഷൻസ് കോടതിൽ മൊഴി നൽകവെ വാവ സുരേഷ് പറഞ്ഞു.
സംഭവം നടന്ന ദിവസം പറക്കോട്ട് ഒരു വീട്ടിലെ കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ പോയിരുന്നു. അവിടെ വച്ച് സംഭവം അറിഞ്ഞു. ഉത്രയെ അണലി കടിച്ചെന്നാണ് അറിഞ്ഞത്. വീടിന്റെ രണ്ടാംനിലയിൽ കയറി അണലി കടിക്കില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. പിന്നീട് ഇരുപത് ദിവസങ്ങൾക്ക് ശേഷം ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ മൂർഖൻ പാമ്പ് സ്വാഭാവികമായി പുറത്ത്നിന്നും വന്നതല്ലെന്ന് മനസ്സിലായി.
ഉറങ്ങിക്കിടന്ന ഉത്ര പാമ്പ് കടിച്ചത് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. 340 തവണ മൂർഖനും 16 തണവ അണലിയും തന്നെ കടിച്ചതാണ്. സഹിക്കാനാകാത്ത വേദനയാണ് പാമ്പ് കടിച്ചാൽ ഉണ്ടാകുക.
ഉത്രയെ പാമ്പുകടിച്ച സ്ഥലവും സാഹചര്യവും പരിശോധിച്ചപ്പോൾ സംഭവം സ്വാഭാവികമായ രീതിയിലല്ലെന്ന് മനസ്സിലായെന്ന് ഫോറസ്‌റ്റ് ട്രെയിനിംഗ് ഇൻസ്‌റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്‌ടർ മുഹമ്മദ് അൻവർ കോടതിയിൽ മൊഴി നൽകി. ഉത്രയുടെ ശരീരത്തിൽ കടിയേറ്റ വിഷപ്പല്ലുകൾ രണ്ട് അളവിലുളളതായിരുന്നു. ഇതും അസ്വാഭാവികമാണ്. അണലി കടിച്ചതിന്റെ ചിത്രവും മൂർഖൻ കടിച്ചതിന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിച്ചപ്പോൾ സംഭവത്തിൽ സ്വാഭാവികത തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂർഖന്റെ തലയിൽ അമർത്തിയാൽ ഉണ്ടാകുന്ന തരം കടിപ്പാടായിരുന്നുവെന്നും അദ്ദേഹം കോടതിയിൽ വെളിപ്പെടുത്തി.
സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, കെ. ഗോപീഷ് കുമാർ, സി.എസ് സുനിൽ എന്നിവർ പ്രോസിക്യൂഷനായും അജിത് പ്രഭാവ്, ജിത്ത നായർ, വിജേന്ദ്രലാൽ എന്നിവർ പ്രതിഭാഗത്തിനായും കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |