
ചിങ്ങവനം : വർഗീയ ശക്തികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഭാഗീയതയുടെ വിത്താണ് പാകുന്നതെന്നും, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഇത്തരക്കാരോട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ നടന്ന ക്‌നാനായ സമുദായദിനവും മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതിയിൽ കെട്ടിപ്പടുത്തുയർത്തിയതാണ് കേരളം. കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് കേരളത്തിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയുന്നത് വർഗീയതയ്‌ക്കെതിരായ സന്ധിയില്ലാത്ത സമീപനത്താലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ അരങ്ങേറുന്നു. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങൾക്കിടയിലേക്ക് വർഗീയ ശക്തികളുടെ നഗ്നമായ കടന്നു കയറ്റമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ വാസവൻ മുഖ്യ പ്രഭാഷണം നടത്തി. സി.എസ്.ഐ മദ്ധ്യ കേരള ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് കെ.മാണി എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |