
കോട്ടയം: സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണ നിരങ്ങാനല്ലേയെന്ന വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെ വരാന്തയിൽ ഒന്നര മണിക്കൂറോളം ഇരുന്ന് സഹായം വാങ്ങി ജയിച്ച സതീശന് വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് ചോദിച്ചു.
എൻ.എസ്.എസ് പ്രവർത്തകർ വീടു കയറി വോട്ടഭ്യർത്ഥിച്ചതിനിലാണ് സതീശൻ കഴിഞ്ഞ തവണ വിജയിച്ചത്. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരു നേതാവില്ല. നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്തധികാരം. കെ.പി.സി.സി പ്രസിഡന്റ് നോക്കുകുത്തിയാണോ. എല്ലാ വിഷയത്തിലും സതീശൻ എന്തിനാണ് മറുപടി പറയുന്നത്. രമേശ് ചെന്നിത്തലയുടെ അത്രയും യോഗ്യതയുള്ള ഒരാൾ കോൺഗ്രസിലുണ്ടോ? സതീശനെ ഇങ്ങനെ അഴിച്ചു വിട്ടാൽ കോൺഗ്രസിന് പ്രത്യാഘാതം ഗുരുതരമായിരിക്കും. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ഒരു സ്പാർക്ക് മതി പ്രതീക്ഷകളെല്ലാം തകിടം മറിയാൻ. വരാൻ പോകുന്നത് കണ്ടോയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണത്തിൽ വരില്ലെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, 'ഇത്തരത്തിലാണ് കൈയ്യിലിരിപ്പെങ്കിൽ അവർ അനുഭവിക്കുമെന്നായിരുന്നു മറുപടി.
നായർ - ഈഴവ ഐക്യം
കാലഘട്ടത്തിന്റെ ആവശ്യം
നായർ മുതൽ നസ്രാണി വരെ യോജിച്ചുള്ള സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കാലഘട്ടത്തിന്റെ ആവശ്യമാണ്. എൻ.എസ്.എസിനും അതിൽ താത്പര്യമുണ്ട്. സംവരണ വിഷയത്തിലായിരുന്നു ഇരു സംഘടനകളും നേരത്തേ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത്. ഇപ്പോൾ അത്തരം തടസങ്ങളില്ല. എസ്.എൻ.ഡി.പി യോഗവുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ എന്താണ് തെറ്റ്. നേതൃത്വവുമായി ആലോചിച്ച് അനുകൂല തീരുമാനമെടുക്കും. അടിസ്ഥാനമൂല്യങ്ങൾ നിലനിറുത്തിയാവും ഐക്യപ്പെടുക. എൻ.എസ്.എസിന് പാർലമെന്ററി മോഹമില്ല. താനൊരിക്കലും മുസ്ലിം വിരോധിയല്ല. ലിഗീനെതിരെ പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരെയെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ലീഗെന്നാൽ മുഴുവൻ മുസ്ലിമല്ല.
സുരേഷ് ഗോപി
വരേണ്ട
സുരേഷ് ഗോപി ജയിച്ച ശേഷം എൻ.എസ്.എസ് ആസ്ഥാനത്ത് കാലു കുത്തിയിട്ടില്ല. ബഡ്ജറ്റ് സമ്മേളന ദിവസം ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായിട്ടായിരുന്നു. തൃശൂർ പിടിച്ചത് പോലെ എൻ.എസ് എസ് പിടിക്കാൻ സുരേഷ് ഗോപി വരേണ്ട. പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടിയാണ്. പുഷ്പാർച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എൻ.എസ്.എസ് ആസ്ഥാനത്ത് ആർക്കും വരാം,വരേണ്ട രീതിയിൽ വരണം-സുകുമാരൻ നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |