മലപ്പുറം: വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പിന്തുണയോടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സി.പി.എം അംഗം കെ.ടി. റുബീന സ്ഥാനം രാജിവച്ചു. പ്രാദേശിക നീക്കുപോക്കിന്റെ അടിസ്ഥാനത്തിലാണ് പിന്തുണച്ചതെന്നാണ് വെൽഫെയർ പാർട്ടി പ്രാദേശിക നേതൃത്വം പറയുന്നത്. എന്നാൽ പിന്തുണ തേടിയില്ലെന്നും വെൽഫെയർ സ്വതന്ത്ര അംഗം വോട്ട് ചെയ്യുകയായിരുന്നെന്നുമാണ് സി.പി.എം. വിശദീകരണം.
ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിന് രണ്ട്, യു.ഡി.എഫിന് രണ്ട്, വെൽഫെയർ പാർട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അംഗങ്ങൾ. ചെയർപേഴ്സൺ വോട്ടെടുപ്പ് നടന്നപ്പോൾ വെൽഫെയർ അംഗം ആയ ഷംല സുബൈർ കെ.ടി. റുബീനക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. വെൽഫെയർ പാർട്ടി അംഗത്തിന്റെ വോട്ട് കൂടി കിട്ടിയതോടെ രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്ക് സി.പി.എം. അംഗം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
20 അംഗങ്ങളുള്ള വെട്ടം പഞ്ചായത്തിൽ എൽഡിഎഫ് ഒൻപത്, യുഡിഎഫ് പത്ത്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വെൽഫെയർ പാർട്ടി വിട്ടുനിന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |