മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ 'ദൃശ്യം 2' അജയ് ദേവ്ഗൺ നായകനായി എത്തിയ ഹിന്ദി 'ദൃശ്യ'ത്തിന്റെ റീമേക്കാണെന്ന 'കണ്ടുപിടിത്ത'വുമായി എത്തിയയാളെ തിരുത്തി സോഷ്യൽ മീഡിയ. 'സൂരജ് നിംബാൽക്കർ' എന്ന ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഇങ്ങനെയൊരു 'നിരീക്ഷണം' വന്നത്. അജയ് ദേവ്ഗൺ ചിത്രം ദൃശ്യം 2വിന്റെ തന്നെ ഒന്നാം ഭാഗമായ 'ദൃശ്യ'ത്തിന്റെ ഹിന്ദി പതിപ്പാണെന്ന് മനസിലാക്കാതെയാണ് ഇയാൾ ഇങ്ങനെയൊരു കമന്റിട്ടത്.
സംഗതി ട്രോളുകളിലൂടെയും മറ്റും വൈറലായി മാറിയതോടെ മലയാളികളുൾപ്പെടെ നിരവധി പേർ ഇയാളെ തിരുത്തികൊണ്ട് രംഗത്തുവന്നിട്ടുണ്ട്. മലയാളികളിൽ ചിലർ 'സർക്കാസം' കമന്റുകളിലൂടെ ഇയാളെ കാര്യമായി ട്രോളുകയും ചെയ്യുന്നുണ്ട്. 'ഭയങ്കര കണ്ടുപിടുത്തം തന്നെ' എന്നും 'ഞങ്ങൾ എന്തുകൊണ്ട് ഇത് മനസിലാക്കാതെ പോയി' എന്നും മറ്റുമാണ് മലയാളികൾ ഇയാളുടെ ട്വീറ്റിന് കീഴിലായി പറയുന്നത്.
'പുള്ളിക്കാരൻ സീരിയസായി തന്നെയാണ് ഇക്കാര്യം പറയുന്നതെ'ന്നും ഒരാൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ചിലർ സംഭവത്തിലെ വസ്തുത സൂരജിനെ ബോദ്ധ്യപ്പെടുത്താനായി കാര്യമായി ശ്രമിക്കുന്നുമുണ്ട്. ഏതായാലും തനിക്ക് നേരെ വരുന്ന ട്രോളുകളിലൂടെ താൻ പ്രശസ്തി നേടുന്നതിൽ സൂരജ് നിംബാൽക്കർ സന്തുഷ്ടനാണെന്നാണ് അയാളുടെ മറുപടി കമന്റുകളിൽ നിന്നും മനസിലാകുന്നത്.
2013ൽ പുറത്തിറങ്ങിയ 'ദൃശ്യ'ത്തിന് 2015 ലാണ് ഹിന്ദി റീമേക്ക് ഉണ്ടാകുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, സിംഹള, ചൈനീസ് പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ഇതിനു ശേഷമാണ് ദൃശ്യം 2 ആമസോൺ വഴി പുറത്തിറങ്ങുന്നത്. 'ദൃശ്യം 2' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്തകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |