ന്യൂഡൽഹി: കൊവിഡ് പ്രതിരോധം ശക്തമാക്കാനായി കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ 9 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശമായ ജമ്മുകാശ്‌മീരിലേക്കും കേന്ദ്രസംഘത്തെ അയച്ചു.
ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നു പേരടങ്ങുന്ന വിവിധ മേഖലകളിലെ വിദഗ്ദ്ധ സംഘമാണ് സംസ്ഥാനങ്ങളിലെത്തുക. കൊവിഡ് പ്രതിരോധത്തിന് സർക്കാരുകളെ സഹായിക്കാനാണ് സംഘത്തെ അയയ്ക്കുന്നതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്ന കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മുകാശ്‌മീർ എന്നീ സർക്കാരുകൾക്ക് കൂടുതൽ ജാഗ്രതാനിർദ്ദേശം നൽകി കേന്ദ്രം കത്തെഴുതിയിട്ടുണ്ട്.
രോഗലക്ഷണമുള്ളവർ ആന്റിജൻ പരിശോധനയിൽ നെഗറ്റീവായാലും നിർബന്ധമായും ആർ.ടി.പി.സി.ആർ പരിശോധന കർശനമായി നടത്തണമെന്നും കത്തിൽ നിർദ്ദേശിച്ചു.
കേരളത്തിൽ ആലപ്പുഴ ജില്ലയിൽ രോഗസ്ഥിരീകരണ നിരക്ക് ഉയർന്നത് ആശങ്കാജനകമാണെന്ന് നേരത്തെ തന്നെ കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 1.46 ലക്ഷം ആയി ഉയർന്നു. ഇത് ആകെ രോഗബാധിതരുടെ 1.33 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 13,742 പേർക്ക് രോഗം സ്ഥിരീകരിച്ചു. 14,037 പേർ രോഗമുക്തരായി. 104 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം ശരാശരി നാലായിരത്തിലധികം രോഗികളുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, ഒഡീഷ, ജാർഖണ്ഡ്, ചണ്ഡീഗഡ്, അസാം, ലക്ഷദ്വീപ്, ഹിമാചൽ പ്രദേശ് തുടങ്ങി 19 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ പുതിയ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |