തിരുവനന്തപുരം: കിഫ്ബിയെ കുറിച്ചുളള അന്തിമ റിപ്പോർട്ട് തയ്യാറാക്കും മുമ്പ് എക്‌സിറ്റ് മീറ്റിംഗ് മിനിട്ട്‌സ് സി എ ജി സർക്കാറിന് അയച്ചില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ധനകാര്യവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന്റെ മിനിട്ട്‌സ് സർക്കാരിന് അയച്ചെന്നാണ് വിവരാവകാശ പ്രകാരം സി എ ജി വ്യക്തമാക്കുന്നത്. എന്നാൽ മിനിട്ട്സ് ഒപ്പിട്ട് സർക്കാർ തിരിച്ചയച്ചില്ലെന്നും സി എ ജി പറയുന്നു.
സി എ ജി റിപ്പോർട്ടിന്മേലുളള അടിയന്തരപ്രമേയ ചർച്ചയ്‌ക്കിടെ മിനിട്ട്‌സ് അയച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ കാണിക്കാൻ ഐസക് വെല്ലുവിളിച്ചിരുന്നു. 22-6-2020നാണ് എക്‌സിറ്റ് മീറ്റിംഗ് ചേർന്നത്. എ ജി എടക്കം എജീസ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥരും ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറിയും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജറും അടക്കം സർക്കാർ പ്രതിനിധികൾ നാലുപേരും പങ്കെടുത്തു. 1-7-2020 ന് എക്‌സിറ്റ് മീറ്റിംഗിന്റെ മിനിട്ട്സ് സർക്കാരിന് അയച്ചു. ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറിക്കാണ് മിനിട്ട്സ് അയച്ചത്. പക്ഷെ മിനിട്ട്‌സ് ഒപ്പിട്ട് സർക്കാർ തിരിച്ചുനൽകിയില്ല.
ഒന്നും അറിയിക്കാതെ ഏകപക്ഷീയമായി റിപ്പോർട്ട് തയ്യാറാക്കിയെന്നായിരുന്നു സർക്കാരിന്റെ ഇതുവരെയുളള ആരോപണം. എന്നാൽ രേഖകൾ പുറത്തുവന്നതോടെ കിഫ്ബി വിവാദത്തിൽ ധനമന്ത്രിയും സർക്കാരും വെട്ടിലാകും. വിഷയത്തിൽ ധനവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങളുണ്ടായിട്ടില്ല.
ധനമന്ത്രി കരട് റിപ്പോർട്ട് തയ്യാറാക്കി അന്തിമ റിപ്പോർട്ടിന് തൊട്ടുമുമ്പാണ് സർക്കാർ പ്രതിനിധികളും സി എ ജി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന എക്‌സിറ്റ് മീറ്റിംഗ്. മീറ്റിംഗ് മിനിട്ട്സ് പിന്നാലെ സർക്കാരിന് അയക്കും. സർക്കാർ പരിശോധിച്ച് ഒപ്പിട്ട് തിരിച്ചു നൽകും. പക്ഷെ കിഫ്ബിയെ കുറിച്ച് പരിശോധിച്ച സി എ ജി എക്‌സിറ്റ് റിപ്പോർട്ട് നൽകിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തുടക്കം മുതൽ ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |