കൊച്ചി: പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. സൈക്കിൾ യാത്ര സുഗമമാക്കാൻ ഒരുക്കിയ ട്രാക്കും അനധികൃത പാർക്കിംഗുകാർ കൈയേറി. ഇതോടെ കൊച്ചി നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിക്ക് തുടക്കത്തിലേ മങ്ങലേറ്റു. പച്ചാളം ക്വീൻസ് വാക്ക് വേ റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ഷൺമുഖം റോഡ്, പാർക്ക് അവന്യൂ റോഡ്, ഡി.എച്ച് റോഡ് എന്നിവിടങ്ങളിലാണ് പരീക്ഷണാർത്ഥം സൈക്കിൾ ട്രാക്കുള്ളത്. റോഡിന്റെ ഒരുഭാഗത്താണ് ട്രാക്ക്. ഇരുവശങ്ങളിലേക്കും പോകുന്ന സൈക്കിൾ യാത്രികർ ഇതുവഴി പോകണം. എന്നാൽ ബൈക്കും കാറുകളും ഇവിടെ പാർക്ക് ചെയ്യുന്നതിനാൽ യാത്ര ബുദ്ധിമുട്ടേറുകയാണെന്ന് സൈക്ലിംഗ് സംഘങ്ങൾ പറയുന്നു.
കൊച്ചി സ്മാർട്‌സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) പുനർനിർമാണം നടത്തിയ അഞ്ചു റോഡുകളിലാണ് ഇന്ത്യ സൈക്കിൾ ഫോർ ചലഞ്ചിന്റെ ഭാഗമായി സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക പാത ഒരുക്കിയത്. ലോകത്തെ പ്രമുഖ നഗരങ്ങളിലെല്ലാം പരിസ്ഥിതി സൗഹാർദ ഗതാഗതം എന്ന നിലയിൽ റോഡുകളിൽ സൈക്കിൾ ട്രാക്കുകളും ക്രമീകരിക്കാറുണ്ട്. കൊച്ചിയിലെ റോഡുകളിലും സൈക്കിൾ ട്രോക്കുകൾ വേണമെന്ന് സൈക്ലിംഗ് ക്ലബുകളും സൈക്കിൾ യാത്രക്കാരും നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെകൂടി ഭാഗമായാണ് പുതുക്കി നിർമിക്കുന്ന പ്രധാന റോഡുകളിൽ ഇപ്പോൾ സൈക്കിൾ ട്രാക്കുകൾ ഒരുക്കിയിരിക്കുന്നത്.പ്രാഥമിക ഘട്ടമായി അഞ്ചു കിലോമീറ്ററാണ് നിലവിൽ സൈക്കിൾ ട്രാക്കുള്ളത്.
വേണം മീഡിയൻ പാത
സൈക്കിൾ ട്രാക്കുകൾ മോട്ടോർ വാഹനങ്ങൾ കൈയടക്കുന്ന സാഹചര്യം ഒഴിവാക്കാൻ മീഡിയനുകളിലൂടെയുള്ള സൈക്കിൾ പാതകളാണ് അനുയോജ്യം. വിദേശ രാജ്യങ്ങളിൽ മീഡിയനുകളിലൂടെയുള്ള സൈക്കിൾ പാതകൾ നിലവിലുണ്ട്. റോഡുകളിലെ മീഡിയൻ പുനക്രമീകരിച്ച് പുതിയതായി സ്ഥലം ഏറ്റെടുക്കാതെ സൈക്കിൾ പാത നിർമ്മാണം സാദ്ധ്യമാണെന്നും ഈ വിഷയത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നുമാണ് സൈക്ലിംഗ് സംഘങ്ങളുടെ പ്രധാന ആവശ്യം.
''നഗര റോഡുകളിൽ നിർമിച്ച സൈക്കിൾ ട്രാക്കുകളിൽ വാഹനങ്ങൾ കൈയടക്കിയിരിക്കുന്നതിനാൽ സൈക്കിൾ യാത്രക്കാർക്ക് ട്രാക്കുകൾ പ്രായോജനപ്പെടുന്നില്ല. ട്രാക്കിൽ വാഹന പാർക്കിംഗ് തടയുന്നതിന് നടപടിയെടുക്കണം''
ജോബി രാജു
ചെയർമാൻ
പെഡൽ ഫോഴ്‌സ്
വീർപ്പുമുട്ടി ചിറ്റൂർറോഡ്
ചിറ്റൂർ റോഡിലേക്കാണോ ? ഫുട്പാത്തിലൂടെ നടക്കാൻ കഴിഞ്ഞാൽ ഭാഗ്യമെന്ന് പറയാം. കാരണം അത്രയ്ക്കാണ് ഫുട്പാത്തുകൾ കൈയേറിയുള്ള അനധികൃത പാർക്കിംഗ്. പാതയുള്ള ഇരു വശത്തും പാർക്കിംഗാണ്.
വാഹനങ്ങളുടെ അനധികൃത പാർക്കിംഗുകൾ കാൽനടക്കാരെയാണ് ഏറെ വലയ്ക്കുന്നത്. ഫുട്പാത്തിൽ നിന്ന് ഇവർക്ക് റോഡിലേക്ക് ഇറങ്ങണമെങ്കിൽ ബൈക്കുകൾക്കിടയിലൂടെ കടക്കേണ്ട അവസ്ഥയാണ്. ഇങ്ങനെ കടന്ന് പോകാൻ സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ബൈക്ക് പാർക്കിംഗ് കാൽനടയാത്രക്കാരെ മാത്രമല്ല സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങളെയും ദുരിതത്തിലാക്കിയിട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് പലരും സാധനങ്ങൾ വാങ്ങാൻ കടകളിലേക്ക് എത്തുന്നതെന്നാണ് സ്ഥാപന ഉടമകൾ പറയുന്നത്.രാവിലെ 10 മുതൽ രാത്രി വൈകിയും റോഡിനോട് ചേർന്ന് അനധികൃത ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. ട്രാഫിക്ക് പൊലീസിന്റെ നിയന്ത്രണം പോലും അനധികൃത പാർക്കിംഗിന് മുന്നിൽ പരാജയപ്പെട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |