മൈസൂരു: കാറിന്റെ അറ്റകുറ്റപ്പണി നടത്തിയ ഐ.എ.എസുകാരിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. എസ്.യു.വിയുടെ പഞ്ചറായ ടയറാണ് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ (ഡി.സി) രോഹിണി സിന്ദൂരി ഒറ്റയ്ക്ക് മാറ്റിയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ഒരു മാളിന്റെ പാർക്കിംഗ് ഏരിയയോട് സാദൃശ്യമുള്ള സ്ഥലത്താണ് സംഭവം. അവധിദിവസം പുറത്തുപോകുന്നവേളയിൽ ധരിക്കുന്നതരത്തിലുള്ള സാധാരണ ചുരിദാറാണ് രോഹിണിയുടെ വേഷം.
രോഹിണി ടയർ മാറ്റാൻവേണ്ടി ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തവേ ഒരാൾ അടുത്തുവന്ന് 'മാഡം, നിങ്ങൾ ഡി.സിരോഹിണി സിന്ദൂരിയാണോ' എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, തുടക്കത്തിൽ രോഹിണി പ്രതികരിച്ചില്ല. എന്നാൽ, അയാൾ വീണ്ടും രോഹിണി സിന്ദൂരിയാണോയെന്നും പഞ്ചർ മാറുകയാണോയെന്നും ചോദിച്ചപ്പോൾ രോഹിണി അയാളുടെ നേരെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്തു. ഇതിനുശേഷം വീണ്ടും തന്റെ പ്രവൃത്തി തുടർന്നു.
സാധാരണഗതിയിൽ അവധി ദിവസങ്ങളിൽപ്പോലും ഔദ്യോഗിക ഡ്രൈവർ ഓടിക്കുന്ന സർക്കാർ വാഹനങ്ങളിലാണ് ഭൂരിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥരും സഞ്ചരിക്കുക. വാഹനം പഞ്ചറായാൽ മറ്റൊന്ന് എത്തിക്കാനും അവർ ആവശ്യപ്പെടും. പഞ്ചറായ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു വാഹനം തന്റെ ജീവനക്കാർ വഴി എത്തിക്കാൻ രോഹിണിക്ക് സാധിക്കുമായിരുന്നു. എന്നാൽ, ജില്ലാ ഭരണാധികാരിയായ രോഹിണി മറ്റാരുടെയും സഹായം തേടാതെ പഞ്ചറായ ടയർ ഒറ്റയ്ക്ക് മാറ്റിയിടുകയായിരുന്നു.സംഭവത്തിൽ മാദ്ധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ 'അതേക്കുറിച്ച് ഒന്നും പറയാനില്ല' എന്നായിരുന്നു രോഹിണിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |