ചെങ്ങന്നൂർ: അപകടാവസ്ഥയിലുള്ള അഗ്‌നിശമന സേനാ ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ സെക്രട്ടറിക്ക് കത്ത് നൽകി. അപകട സാദ്ധ്യതയുള്ള കെട്ടിടമായതിനാൽ ഓഫീസ് ഉചിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന് ഫയർ ആൻഡ് റസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറലിന് കത്ത് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭാ കൗൺസിലറും മുൻ ചെയർമാനുമായ കെ.ഷിബുരാജൻ സെക്രട്ടറി എസ്.നാരായണന് പരാതി നൽകിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ നഗരസഭാ ഓഫീസ് കെട്ടിടം 2005 ജൂൺ 17നാണ് അഗ്‌നിശമന സേനയ്ക്കായി നൽകിയത്. കാലപ്പഴക്കത്താൽ കെട്ടിടം ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. സുരക്ഷിതമില്ലാത്ത കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നത് വളരെ അപകടകരമായ അവസ്ഥയിലാണെന്ന് സ്ഥലം സന്ദർശിച്ച് മുൻസിപ്പൽ എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. ഇത് സംബന്ധിച്ച് അഗ്‌നിശമന സേനാ സ്‌റ്റേഷൻ ഓഫീസറും നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. നഗരസഭ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിട്ടും കെട്ടിടം സൗജന്യമായിട്ടാണ് വിട്ടുനൽകിയിരുന്നത്. കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനോ പുതിയ ഓഫീസ് കെട്ടിടം കണ്ടെത്തി നൽകുന്നതിനോ നഗരസഭയ്ക്ക് നിയമാനുസൃത മാർഗങ്ങളില്ല. എന്നാൽ കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായാൽ അത് നഗരസഭയുടെ വീഴ്ചയായി കണക്കാക്കപ്പെടും. അതിനാൽ അടിയന്തരമായി പ്രസ്തുത വിവരങ്ങൾ ബോദ്ധ്യപ്പെടുത്തി ഫയർ ആൻഡ് റസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറലിന് കത്ത് നൽകി അഗ്‌നിശമന സ്റ്റേഷൻ ഉചിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഷിബുരാജൻ നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |