ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും നല്ല സുഹൃത്തുക്കളാകുന്നതാണ് തന്റെ സ്വപ്നമെന്ന് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. അതിർത്തികളും ഭിന്നിപ്പും ഉണ്ടെന്ന പഴയ തത്വചിന്ത ഇനി പ്രവർത്തിക്കില്ലെന്നും ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മലാല അഭിപ്രായപ്പെട്ടു. ജയ്‌പൂർ സാഹിത്യോത്സവത്തിന്റെ അവസാന ദിവസം 'I Am Malala: The Story of the Girl Who Stood Up for Education and was Shot by the Taliban' എന്ന തന്റെ പുസ്തകത്തെപ്പറ്റി സംസാരിക്കവെയാണ് അവർ തന്റെ സ്വപ്നം ലോകത്തോട് പങ്കുവെച്ചത്.
നിങ്ങൾ ഇന്ത്യക്കാരും ഞാൻ പാകിസ്ഥാനിയുമാണ്. ഇരുകൂട്ടരും നല്ലരീതിയിലാണ് കഴിയുന്നത്. അങ്ങനെയുളളപ്പോൾ നമുക്കിടയിൽ വെറുപ്പ് സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണ്. അതിർത്തികൾ, ഭിന്നതകൾ, വിഭജനം, ജയിക്കൽ... എന്നിവയുടെ ഈ പഴയ തത്ത്വചിന്ത ഇനി പ്രവർത്തിക്കില്ല, മനുഷ്യരെന്ന നിലയിൽ നാമെല്ലാവരും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും മലാല പറഞ്ഞു.
ഇന്ത്യയും പാകിസ്താനും നല്ല സുഹൃത്തുക്കളാകണം എന്നതാണ് എന്റെ സ്വപ്നം. നമുക്ക് പരസ്പരം ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ കഴിയണം. നിങ്ങൾ പാകിസ്ഥാനി നാടകങ്ങൾ കാണാൻ ആരംഭിക്കണം.. ഞങ്ങൾക്ക് ബോളിവുഡ് സിനിമകൾ കാണാനും ക്രിക്കറ്റ് ആസ്വദിക്കാനും കഴിയണമെന്നും മലാല കൂട്ടിച്ചേർത്തു
ഏത് രാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണം. അത് പാകിസ്ഥാനിലോ ഇന്ത്യയിലോ ആയിക്കോട്ടെ. ഈ പ്രശ്നം മതവുമായി ബന്ധപ്പെട്ടതല്ല. അധികാരമുപയോഗിച്ചുളള ചൂഷണവുമായി ബന്ധപ്പെട്ടതാണെന്നും വളരെ ഗൗരവകരമായി എടുക്കേണ്ടകാര്യമാണെന്നും മലാല അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |