കൊൽക്കത്ത: ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂറ്റൻ റാലിയോടെ തുടക്കമിട്ട് സി.പി.എം-കോൺഗ്രസ് സഖ്യം. സി.പി.എമ്മിന്റെ നേതൃത്വത്തിൽ കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ബാസ് സിദ്ദിഖി രൂപീകരിച്ച ഇന്ത്യൻ സെക്യുലർ പാർട്ടിയും പങ്കെടുത്തു. കേരളത്തിൽ ബദ്ധവൈരികളായ കോൺഗ്രസും സി.പി.എമ്മും ദേശീയ തലത്തിൽ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ സൂചനയായാണ് ബംഗാളിലെ കൂട്ടുകെട്ടിനെ ഭൂരിഭാഗം പേരും നോക്കിക്കാണുന്നത്.
തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇടതുപക്ഷം വലിയ ശക്തിയാകുമെന്ന് തെളിയിക്കുകയാണ് റാലിയിലൂടെ സി.പി.എം ലക്ഷ്യം വെക്കുന്നത്. മുതിർന്ന സി.പി.എം നേതാവ് ബിമൻ ബസു, സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. അതേസമയം പരിപാടിയിൽ എത്താൻ സാധിക്കാത്തത് കനത്ത വേദനയാണെന്ന് മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ പ്രതികരിച്ചു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പരിപാടിക്ക് ക്ഷണിച്ചിരുന്നു.
ബംഗാളിൽ മമതാ ബാനർജി ജനാധിപത്യം ഇല്ലാതാക്കിയെന്നും ബി.ജെ.പിയുടെ ബി ടീമായാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അബ്ബാസ് സിദ്ദിഖി ആരോപിച്ചു. കോൺഗ്രസും സി.പി.എമ്മും നേതൃത്വം നൽകുന്ന മതേതര ചേരി തൃണമൂലിനെയും ബി.ജെ.പിയെയും തോൽപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള മത്സരമായിരിക്കില്ല തിരഞ്ഞെടുപ്പെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ കൂറ്റൻ റാലിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുക്കെട്ടിന്റെ വർഗീയ മുന്നേറ്റത്തെ തോൽപ്പിക്കണമെങ്കിൽ ആദ്യം തോൽപ്പിക്കേണ്ടത് തൃണമൂൽ കോൺഗ്രസിനെയാണെന്ന് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ തൂക്കുസഭയാണുണ്ടാകുന്നതെങ്കിൽ ബി.ജെ.പിയുമായി കൈകോർക്കാൻ മമത മടിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |