കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി പ്രവർത്തകന്റെ 85 വയസുളള അമ്മയെ മർദ്ദിച്ചെന്ന ആരോപണത്തിൽ വഴിത്തിരിവ്. പ്രായമായ അമ്മയെ മകൻ ദിവസവും മർദ്ദിക്കാറുണ്ടെന്ന് ബന്ധു വെളിപ്പെടുത്തിയതോടെ തൃണമൂൽ പ്രവർത്തകർക്ക് നേരെ ആരോപണമുന്നയിച്ച ബി.ജെ.പി വെട്ടിലായി. ഗോപാൽ മംജുംദാർ എന്ന വ്യക്തി താൻ ബി.ജെ.പി പ്രവർത്തകനായതിനാൽ തന്നെയും അമ്മയേയും തൃണമൂൽ പ്രവർത്തകർ ആക്രമിച്ചതായ് ആരോപിച്ചിരുന്നു.
ശനിയാഴ്ച നോർത്ത് 24 പർഗനാസ് ജില്ലയിലെ ഗോപാൽ മംജുംദാറിനെയും അമ്മ ഷോവ മംജുംദാറിനെയും അജ്ഞാതർ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിച്ചതായ വാർത്തകൾ പുറത്തുവന്നിരുന്നു. സംഭവത്തിനുപിന്നിൽ തൃണമൂൽ പ്രവർത്തകരാണെന്നായിരുന്നു ഗോപാലിന്റെ അവകാശവാദം. അജ്ഞാതരായ മുഖംമൂടിധാരികൾ തന്റെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെയും തന്നെയും മർദ്ദിച്ചു. അക്രമികളെ തിരിച്ചറിയാനായില്ലെന്നും താൻ ബി.ജെ.പി പ്രവർത്തകനായതിനാൽ തൃണമൂൽ പ്രവർത്തകരാണിതിന് പിന്നിലെന്നും ഗോപാൽ ആരോപിച്ചിരുന്നു.
ഇരുട്ടായിരുന്നു... അവരുടെ മുഖം കാണാൻ കഴിഞ്ഞില്ല. അവർ മുഖം മൂടി ധരിച്ചിരുന്നു. അവർ തെറിപറയുകയും ബി.ജെ.പി പ്രവർത്തകനാണെന്നതുകൊണ്ട് തന്നെ അപമാനിക്കുകയും ചെയ്തു. അവർ തൃണമൂൽ പ്രവർത്തകരാണെന്ന് കരുതുന്നതായും ഗോപാൽ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം ബി.ജെ.പി പ്രവർത്തകനായതുകൊണ്ടാണ് മകനെ മർദ്ദിച്ചതെന്ന് ഷോവ മംജുംദാറും മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടു പേർ തന്നെ പിടിച്ചുതളളിയെന്നും മകന് തലയിലും കൈയ്യിലും പരിക്കേറ്റിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ പിന്നാലെ ഗോപാൽ, ഷോവ മംജുംദാറിനെ മർദ്ദിക്കാറുണ്ടെന്നും കുടുംബ പ്രശ്നത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്നും ഷോവയുടെ ചെറുമകൻ ഗോബിഡോ വെളിപ്പെടുത്തി. ഒപ്പം ഗോപാലിനെ ആക്രമിച്ചത് ബി.ജെ.പി പ്രവർത്തകരാണെന്നും ചെറുമകൻ ആരോപിച്ചു. ഗോബിഡോയുടെ വാദത്തെ പിന്തുണച്ച് ഭാര്യ പ്രോമിത മംജുംദാറും രംഗത്തെത്തി. ഷോവ മകൻ മർദ്ദിച്ചിരുന്നതായി പരാതിപ്പെട്ടിട്ടുണ്ടന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |