
ചങ്ങനാശേരി: നീലവസന്തം വിരിയിച്ചത് നീലക്കുറിഞ്ഞിയല്ല, പോള പൂക്കൾ. ചങ്ങനാശേരി ബോട്ട് ജെട്ടിയിലാണ് പോള തിങ്ങി നിറഞ്ഞ് പൂത്തിരിക്കുന്നത്. പൂക്കളുടെ ഭംഗി ആസ്വദിക്കാനും ഫോട്ടോ എടുക്കാനുമായി നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. മുൻ വർഷങ്ങളിലും ബോട്ട് ജെട്ടിയിൽ സമാന രീതിയിൽ പോള പൂത്തിരുന്നു. എന്നാൽ സന്ദർശകരുടെ തിരക്ക് ഈ വർഷമാണ് അനുഭവപ്പെട്ടതെന്ന് സമീപവാസികൾ പറയുന്നു. ബോട്ട് ജെട്ടി നവീകരിച്ചതും സഹായകമായി.
മുൻവർഷം മനയ്ക്കച്ചിറആറിൽ പോള പൂത്തത് മാദ്ധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇത്തവണ ആറിലെ പോള നീക്കി വൃത്തിയാക്കിയതിനാൽ അവിടെ പോളപ്പൂക്കളില്ല. പകരം ബോട്ട് ജെട്ടിയിലാണ് ഇക്കുറി നീല വസന്തം . സായാഹ്നങ്ങളിൽ ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് എസ്. ബി കോളേജ് വിദ്യാർത്ഥികൾ ജെട്ടിയിലെ പോള വാരി വൃത്തിയാക്കിയെങ്കിലും ആഴ്ചകൾക്കുള്ളിൽ പോള തിങ്ങി നിറയുകയായിരുന്നു. ബോട്ട് സർവീസിന് തടസമാകുന്നുണ്ടെങ്കിലും കണ്ണിന് ആനന്ദമാണ് ഈ പൂക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |