പാലക്കാട്: സിപിഎം സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഇടം നേടിയ മന്ത്രി എകെ ബാലന്റെ ഭാര്യ കെപി ജമീലയെ സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ തർക്കം. പികെ ശശി, എംബി രാജേഷ്, സികെ ചാത്തുണ്ണി, വികെ ചന്ദ്രന്‍, വി ചെന്താമരാക്ഷന്‍ എന്നിവരാണ് വിഷയത്തിൽ എതിർപ്പുമായി രംഗത്ത് വന്നത്. എകെ ബാലൻ മത്സരിച്ച മണ്ഡലങ്ങളായ തരൂര്‍, കോങ്ങാട് എന്നിവിടങ്ങളിൽ പികെ ജമീലയെ മത്സരിപ്പിക്കണമെന്നുള്ള നിർദ്ദേശമാണ് വന്നത്.
രണ്ടും സംവരണ മണ്ഡലങ്ങളാണ്. നാല് തവണ വിജയിച്ച ബാലന്‍ ഇത്തവണ മത്സരിക്കാത്ത സാഹചര്യത്തിലാണ് പികെ ജമീലയെ ഇടത് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. കോങ്ങാട് എംഎല്‍എ കെവി.വിജയദാസ് മരണപ്പെടുകയും ചെയ്തിരുന്നു. പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്താതെ വിഷയത്തിൽ താൻ പ്രതികരിക്കാനില്ലെന്നാണ് ബാലന്റെ നിലപാട്.
എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പാലക്കാട് ജില്ലയിൽ നിന്നുളള സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്. ജമീലയുടെ പേര് നിർദ്ദേശിച്ചത് മേൽഘടകത്തിൽ നിന്നാണെന്ന് അറിയിച്ചതോടെ നേതാക്കൾ മയപ്പെട്ടു. നീണ്ട ചർച്ചകൾക്ക് ശേഷം തൃത്താലയിൽ വി.ടി ബൽറാമിനെതിരെ എം.ബി രാജേഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു.
എന്നാൽ ഒരു വിഭാഗം ഈ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും ബൽറാമിനെ തോൽപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാൻ രാജേഷിന് കഴിയുമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.
കോങ്ങാട് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ സി.പി സുമോദിനെയും, മലമ്പുഴയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെയും ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. പാലക്കാട് സീറ്റിൽ എ.പ്രഭാകരൻ, പാർട്ടി പാലക്കാട് ജില്ലാസെക്രട്ടി സി.കെ രാജേന്ദ്രൻ എന്നിവരുടെ പേരുകളാണുളളത്. ഒറ്റപ്പാലത്ത് നിർദ്ദേശിച്ചത് സ്ഥലം എം.എൽ.എ ഉണ്ണിയുടെതും ഷൊർണ്ണൂരിൽ പി.കെ ശശി എം.എൽ.എയുടെയും തന്നെ പേരുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |