ന്യൂഡൽഹി: കൊവിഡ് കാലത്ത് ജയിലിലെ തിരക്ക് കുറയ്ക്കാൻ തടവുകാർക്ക് അനുവദിച്ച ജാമ്യം നീട്ടി നൽകില്ലെന്ന് സുപ്രീം കോടതി.
രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമാണെന്നും അതിനാൽ തടവുകാർക്ക് ജയിലിലേക്ക് മടങ്ങാമെന്നും ജസ്റ്റിസുമാരായ എൽ. നാഗേശ്വർ റാവു, രവീന്ദ്ര ഭട്ട് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണത്തിലായത് കണക്കിലെടുത്ത് കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യത്തിൽ കഴിയുന്ന തടവുകാരോട് 15 ദിവസത്തിനുള്ളിൽ ജയിലിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നു.
ഇത് ചോദ്യം ചെയ്ത് സന്നദ്ധ സംഘടനയായ നാഷണൽ ഫോറം ഓൺ പ്രിസൺ റിഫോംസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി പരോൾ നീട്ടേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.
രാജ്യത്തെ ജയിലുകളിലെ തിരക്കും സ്ഥലപരിമിതി സംബന്ധിച്ച റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യുറി ഗൗരവ് അഗർവാളിനോട് സുപ്രീം കോടതി നിർദേശിച്ചു. ഇതോടെ ഡൽഹിയിലെ 2,318 വിചാരണ തടവുകാർക്ക് ജാമ്യം റദ്ദാകും.
കൊവിഡ് വ്യാപനം തീവ്രമായ കഴിഞ്ഞ ഏപ്രിലിലാണ് ജയിലിലെ തിരക്ക് കുറയ്ക്കാൻ തടവുകാർക്ക് പരോൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകിയത്.
ഇക്കാര്യത്തിൽ അതത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |