യങ്കൂൺ: മ്യാൻമറിലെ സൈനിക അട്ടിമറിക്കെതിരെ, തെരുവിൽ ജനകീയ പ്രക്ഷോഭം കൊടുമ്പിരി കൊള്ളവെ, സമാധാനത്തിനുള്ള വഴികൾ തേടി ആസിയാൻ രാജ്യങ്ങൾ രംഗത്തെത്തി. നിലവിലെ സൈനിക ഭരണകൂടവുമായി ചർച്ച നടത്താനാണ് നീക്കം. ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നിവ ഉൾപ്പെടുന്ന ആസിയാൻ രാജ്യങ്ങളിലെ നേതാക്കളാണ് മ്യാൻമറിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചർച്ചകൾക്ക് ശ്രമം തുടരുന്നത്. അയൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ആസിയാൻ രാജ്യങ്ങൾ മ്യാൻമറിനൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും ബർമീസ് ജനാധിപത്യത്തിന്റെ ആകെയുള്ള പ്രതീക്ഷ ആങ്സാൻ സൂ ചി ആണെന്നും ഫിലിപ്പൈൻ വിദേശകാര്യ മന്ത്രി ടിയോഡോറോ ലോക്സിൻ പ്രസ്താവിച്ചു.
എന്നാൽ രാജ്യത്തെ ജനകീയ സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത സൈന്യവുമായി ചർച്ച നടത്താനുള്ള ആസിയാൻ രാജ്യങ്ങളുടെ ശ്രമത്തെ വിമർശിക്കുകയാണ് ജനകീയ പ്രക്ഷോഭകർ.
സൈനിക ഭരണം, വീണ്ടും തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ പോംവഴികളൊന്നും മ്യാൻമറിലെ ജനങ്ങൾക്ക് സ്വീകാര്യമല്ലെന്നാണ് അവർ പറയുന്നത്. ആങ് സാൻ സൂചി അധികാരത്തിൽ തിരിച്ചെത്തിക്കും വരെ പോരാടുമെന്നാണ് അവരുടെ ദൃഢനിശ്ചയം.
സൈനിക അട്ടിമറിക്ക് ശേഷം 25 മാദ്ധ്യമപ്രവർത്തകരടക്കം രാജ്യത്ത് 1,200 ഓളം പേർ അറസ്റ്റിലായെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട അറുപതോളം രാഷ്ട്രീയ പ്രതിനിധികളും തടവിലാണെന്നാണ് വിവരം. സൈന്യം തടവിലാക്കി തടങ്കലിലായ ആങ്സാൻ സൂ ചിക്കെതിരെ കൂടുതൽ ക്രിമിനൽ കുറ്റങ്ങൾ കഴിഞ്ഞദിവസം ചുമത്തിയിരുന്നു.
വീണ്ടും വെടിവയ്പ്
സൈനിക വിരുദ്ധ പ്രതിഷേധം തുടരുന്നതിനിടെ ഇന്നലെ യങ്കൂണിൽ പൊലീസ് വീണ്ടും പ്രതിഷേധക്കാർക്ക് നേരെ വെടിവച്ചു. പ്രകടനങ്ങൾക്കെതിരെ ശക്തമായി നീങ്ങാനാണ് മ്യാൻമറിലെ സൈനിക ഭരണകൂടത്തിന്റെ നീക്കം. പ്രതിഷേധക്കാർ രാജ്യത്തിന്റെ പലഭാഗങ്ങളിലും മനുഷ്യകവചം സൃഷ്ടിച്ച് സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മുന്നേറുകയാണ്. പ്രതിഷേധങ്ങൾ ഓരോ ദിവസവും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ട്.
വടക്കുപടിഞ്ഞാറൻ പട്ടണമായ കാലെയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ഇരുപതിലധികം പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായാണ് വിവരം. മ്യാൻമറിലെ സൈനിക അട്ടിമറിയെ കാനഡ, ബ്രിട്ടൻ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
മുന്നറിയിപ്പ് ആവർത്തിച്ച് അമേരിക്ക
നിരായുധരായ ആളുകളെ കൊന്നൊടുക്കുകയും മാദ്ധ്യമപ്രവർത്തകരെയും പ്രതിഷേധക്കാരെയും അന്യായമായി തടവിലാക്കുകയും ചെയ്യുന്ന മ്യാൻമരിലെ സൈനിക ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് വീണ്ടും അമേരിക്ക. മ്യാൻമറിലെ പട്ടാള ഭരണത്തിന്റെ അക്രമങ്ങൾ വെറുപ്പുളവാക്കുന്നതാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വേണ്ടി വന്നാൽ മ്യാൻമറിൽ സൈനിക നടപടികൾക്ക് പോലും മടിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |