ബിഗ് ടെക് അഥവാ വിവരസാങ്കേതികരംഗത്തെ ഭീമന്മാരുടെ ( ഉദാ - ഫേസ് ബുക്ക്, ഗൂഗിൾ, ട്വിറ്റർ ) ആധിപത്യം സമൂഹത്തിൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ തങ്ങൾ ദേശീയ പരമാധികാരത്തിനും മുകളിലാണെന്ന് ഈ സ്ഥാപനങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നൊരു സംശയം അടുത്ത കാലത്തായി ഉയർന്നിട്ടുണ്ട്.രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിഷയത്തിൽ ഏറ്റവും വലിയ കുറ്റവാളികൾ സോഷ്യൽ മീഡിയ കമ്പനികളാണ്. ഈ പ്ളാറ്റ്‌ഫോമുകൾ ടെലികോം നെറ്റ്‌വർക്ക് പോലെ കേവലം നിഷ്പക്ഷ ചാനലുകളാണോ അല്ലെങ്കിൽ പത്രമാദ്ധ്യമങ്ങളെപ്പോലെ പ്രസാധകരാണോ എന്നതാണ് ഏറ്റവും പ്രധാന ചോദ്യം. എന്തായാലും ഇവർക്കൊരു തിരിച്ചടി വരുന്നുണ്ട്.
ഏകദേശം പത്തുകൊല്ലം മുൻപ് , സോഷ്യൽ മീഡിയയെ കലാപകാരികളായിട്ടാണ് സമൂഹം കണ്ടിരുന്നത്. സിറ്റിസൺ ജേർണലിസ്‌റ്റുകൾ ആധിപത്യം പുലർത്തുന്ന ഒരു പ്ളാറ്റ്‌ഫോം എന്നായിരുന്നു സോഷ്യൽ മീഡിയ നിരീക്ഷിക്കപ്പെട്ടിരുന്നത്. മിഡിൽ ഈസ്റ്റിലെ 'വർണവിപ്ലവങ്ങളുടെ' പരാജയം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ വിപ്ലവങ്ങൾക്ക് അധികകാലം നിലനിൽക്കാനാവില്ലെന്ന് ഈ ലേഖകൻ റെഡിഫ് ഡോട്ട് കോമിൽ എഴുതിയിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു: വ്യക്തിഗത ഡാറ്റയുടെ പണമൂല്യവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സ്വാധീനവും തിരിച്ചറിഞ്ഞ ബിഗ് ടെകുകൾ ഭരണമാറ്റങ്ങളിൽ ഇടപെടാൻ തുടങ്ങി.
ഇപ്പോൾ ബിഗ് ടെക്കിന് സർക്കാരുകളെ അട്ടിമറിക്കാൻ കഴിയും. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത് വളരെ പ്രകടമായിരുന്നു. ഈ തന്ത്രം അവർ മറ്റ് രാജ്യങ്ങളിലും പയറ്റാൻ സാദ്ധ്യത ഏറെയാണ്: സോറോസിന്റെ കോടികളുടെ പിൻബലത്തിൽ 2024 ലെ ഇന്ത്യൻ തിരഞ്ഞെടുപ്പിലും ഇവർ ഈ തന്ത്രം പ്രയോഗിക്കും.പൊതുജനങ്ങളുടെ ചിന്തകൾക്ക് മേലുള്ള ഈ നിയന്ത്രണം മുഖ്യധാരാ മാധ്യമങ്ങൾക്ക് (ടിവി, അച്ചടി) മാത്രമേ ഒരുകാലത്ത് സാദ്ധ്യമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയ്‌ക്കും ഇത് നിക്ഷ്‌പ്രയാസം ചെയ്യാൻ കഴിയുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നിർദ്ദിഷ്ട സോഷ്യൽ മീഡിയ നിയമങ്ങൾ വിശകലനം ചെയ്യപ്പെടേണ്ടത്.സോഷ്യൽ മീഡിയയ്‌ക്കെതിരെ സമീപകാലത്ത് ലോകത്ത് മറ്റ് നടപടികൾ ഉണ്ടായിട്ടുണ്ട്. ഉദാ - ഉള്ളടക്കത്തിന് പണം നൽകാൻ ആവശ്യപ്പെട്ടതിനാൽ ഫേസ്ബുക്ക് ഓസ്‌ട്രേലിയയെ ബഹിഷ്‌കരിച്ചിരുന്നു. അതേസമയം ഗൂഗിൾ ആസ്‌ട്രേലിയ ആവശ്യപ്പെട്ട പണം നൽകി.
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് സോഷ്യൽ മീഡിയ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിന് എതിരായി റഷ്യ, ഹംഗറി, ദക്ഷിണാഫ്രിക്ക, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ബ്രസീൽ, ഈജിപ്ത്, നിക്കരാഗ്വ, സിംബാബ്‌വെ, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങൾ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വ്യാജപ്രചാരണം നടത്തിയവരെ ജയിലിൽ അടയ്‌ക്കുന്ന സാഹചര്യം പോലുമുണ്ടായി.കർഷകസമരം എന്ന് പറയപ്പെടുന്ന പ്രക്ഷോഭത്തിന് പിന്തുണ നല്‌കാൻ രൂപീകരിക്കപ്പെട്ട ടൂൾ കിറ്റ് വിവാദം ഓർമ്മയുണ്ടാകുമല്ലോ. ഈ സംഭവത്തിന്റെ വെളിച്ചത്തിലും ഇന്ത്യയുടെ നിർദ്ദിഷ്ട നിയമങ്ങളെ നാം കാണണം; ഇന്ത്യൻ ദേശീയ താത്‌പര്യങ്ങളെ വ്രണപ്പെടുത്തുന്ന വിവരയുദ്ധവും ഇക്കൂട്ടത്തിലുണ്ട്.ഇന്ത്യയുടെ പുതിയ നിയമങ്ങൾ നിഗൂഢമൊന്നുമല്ല, അവ വളരെ വ്യക്തമാണ്: രാജ്യത്തിന്റെ സുരക്ഷയെയോ പരമാധികാരത്തെയോ ദ്രോഹിക്കുന്നത്, പൊതു ക്രമത്തെ തടസപ്പെടുത്തുന്നത് \ അപകീർത്തിപ്പെടുത്തുന്നത്, അശ്ലീലം കലർന്നത്, ബാലപീഡനം പ്രചരിപ്പിക്കുന്നത്, സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് ബൗദ്ധികസ്വത്തവകാശത്തിന്റെ മോഷണം എന്നീ കുറ്റങ്ങൾക്ക് മാത്രമാണ് ഇന്ത്യയുടെ നിർദ്ദിഷ്‌ട നിയമം കടിഞ്ഞാണിടുന്നത്.ഈ നിയമം നടപ്പാക്കുന്നതിൽ പിശകുകളുണ്ടാകാം. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങളുടെ ഉള്ളടക്കം മേൽപ്പറഞ്ഞ തരത്തിലുള്ള കുറ്റകൃതമാണോ എന്നുറപ്പിക്കാൻ രാജ്യത്ത് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സ്വയം നിയന്ത്രിത സമിതി രൂപീകരിക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ ചില ഉദ്യോഗസ്ഥ മേധാവികളും പൊലീസും ഇതിൽ നിയമവിധേയമായ പരിധി ലംഘിക്കുമോയെന്ന് സംശയം ഉയരുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ 'പോസ്റ്റുകളുടെ ഉത്തരവാദി' ആരാണെന്നുള്ളത് കണ്ടെത്തണമെന്ന് നിയമം പറയുന്നുണ്ട്. ഇതിനായി അജ്ഞാത അക്കൗണ്ടുകൾ നിയന്ത്രിക്കണമെന്നാണ് ഈ ലേഖകന്റെ നിർദേശം. എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടിനും വ്യക്തമായ ഒരു ഐഡി ഉണ്ടായിരിക്കണം. കാരണം, ധാരാളം പോസ്റ്റുകൾ bot account കളിൽ നിന്നോ വിലയ്‌ക്ക് വാങ്ങിയ അനുയായികളിൽ നിന്നോ ട്രോളുകളിൽ നിന്നോ വരുന്നു. ഇവ ഏറ്റവും ലഘുവായ അളവിൽ നിരുത്തരവാദപരവും അങ്ങേയറ്റം പോകുമ്പോൾ രാജ്യദ്രോഹപരവുമായിരിക്കും.
ബിഗ് ടെക് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കെതിരെ പരാതിപ്പെടാൻ ഇന്ത്യയിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്നും ഒരു ഉള്ളടക്കത്തിനെതിരെ പരാതി ഉയരുന്ന പക്ഷം 36 മണിക്കൂറിനുള്ളിൽ അത് നീക്കംചെയ്യണമെന്നും പ്രതിമാസ റിപ്പോർട്ട് ഹാജരാക്കണമെന്നുമുള്ള മാർഗനിർദ്ദേശങ്ങൾ തികച്ചും ന്യായമാണ്. മുഖ്യധാരാ മാദ്ധ്യമങ്ങൾ നിലവിൽ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നിരിക്കെ, ഈ നിയമം അവർക്ക് കടിഞ്ഞാണിടാനുള്ളതാണെന്ന് തെറ്രിദ്ധരിക്കരുത്. സോഷ്യൽ മീഡിയയെ നിയമവിധേയമായി നിയന്ത്രിക്കുക എന്നുള്ളതാണ് പുതിയ നിയമത്തിന്റെ ഉദ്ദേശ്യം.