കൊൽക്കത്ത : ഏപ്രിൽ, മേയ് മാസങ്ങളിലായി രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബി ജെ പി ഏറ്റവും പ്രാധാന്യം നൽകുന്നത് ബംഗാളിലാണ്. ഏറെ അനുകൂലമെന്ന് വിലയിരുത്തുന്ന ബംഗാൾ രാഷ്ട്രീയത്തിൽ ഇപ്പോൾ ഭരണം നേടുക എന്നത് ബി ജെ പിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാൽ തന്നെ പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ ബംഗാളിലെ പോരാട്ടത്തിനാവും കൂടുതൽ പ്രാധാന്യം നൽകുക. നരേന്ദ്ര മോദി ഇരുപതോളം റാലികളിലും, അമിത് ഷാ അമ്പതോളം റാലികളിലും പങ്കെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പുകൂട്ടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത് മാർച്ച് ഏഴിന് ബംഗാളിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ബംഗാളികൾ സ്‌നേഹത്തോടെ ദാദ എന്ന് വിളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി പങ്കെടുക്കുമോ എന്നതാണ്.
ബംഗാളിൽ മമത ബാനർജിയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ, ദീദിക്കെതിരെ ദാദയെ ബി ജെ പി രംഗത്തിറക്കുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങളുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റായി സൗരവ് ഗാംഗുലി എത്തിയതുമുതൽ ഈ വാദത്തിന് ശക്തികൂടിയിട്ടുമുണ്ട്. എന്നാൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ വർഷമാദ്യം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. മാർച്ച് 7 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ സൗരവ് ഗാംഗുലി പങ്കെടുക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബിജെപി വക്താവ് ഷാമിക് ഭട്ടാചാര്യ നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും ഈ വിഷയത്തെ ചൂട് പിടിപ്പിക്കുന്നത്.
മോദിയുടെ റാലിയിൽ വരണമോയെന്ന് തീരുമാനിക്കേണ്ടത് ഗാംഗുലിയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിക്കുമെങ്കിൽ തങ്ങൾ സ്വാഗതം ചെയ്യുന്നു എന്നുമാണ് ബിജെപി വക്താവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഇതേക്കുറിച്ച് ഗാംഗുലിയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും വന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |