ന്യൂഡൽഹി :ആമസോൺ, നെറ്റ്‌ഫ്ലിക്‌സ് തുടങ്ങിയ. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലം പ്രദർശിപ്പിക്കുന്നുണ്ടെന്നും അതിനാൽ ഉള്ളടക്കം പരിശോധിച്ചശേഷം പ്രദർശനാനുമതി നൽകുന്ന സംവിധാനം ആവശ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
'താണ്ഡവ്' വെബ്‌സീരീസിൽ ഹിന്ദു ദൈവങ്ങളെയും രാജ്യത്തെ അധികാര കേന്ദ്രങ്ങളെയും അവഹേളിച്ചെന്ന കേസിൽ അഭിനേതാക്കളും സംവിധായകനും ഉൾപ്പെടെ അലഹബാദ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ ആമസോൺ പ്രൈം ഇന്ത്യൻ മേധാവി അപർണ പുരോഹിത് നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനും ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി അംഗവുമായ ബെഞ്ച്. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
'തിയേറ്ററുകളിൽ സിനിമ കാണുന്ന രീതി കാലഹരണപ്പെട്ടു. ഇന്റർനെറ്റിലും ഒ. ടി. ടി പ്ലാറ്റ്‌ഫോമുകളിലുമാണ് ഇപ്പോൾ ജനങ്ങൾ സിനിമകളും വെബ് പരമ്പരകളും കാണുന്നത്. അശ്ലീല സിനിമകൾ പോലും കാണിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കുറച്ച് സ്‌ക്രീനിംഗ് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു.- ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു.
എന്നാൽ ഇത് അശ്ലീലമല്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും അപർണ പുരോഹിതിന്റെ അഭിഭാഷകൻ മുകുൾ റോഹ്‌തഗി വാദിച്ചു. എന്തിനും ഒരു പരിധി വേണമെന്ന് ജസ്റ്റിസ് ഭൂഷൺ തിരിച്ചടിച്ചു. ഇവയുടെ ഉള്ളടക്കത്തിൽ നിന്ദ്യമായ അധിക്ഷേപങ്ങൾ ഉണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചൂണ്ടിക്കാട്ടി. ഒ.ടി.ടി റഗുലേഷനുള്ള മാർഗനിർദേശം ഇറക്കിയിട്ടുണ്ടെന്നും തുഷാർ മേത്ത അറിയിച്ചു. എങ്കിൽ അത് ഉടൻ നടപ്പാക്കണമെന്നും ഇത് സംബന്ധിച്ച സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
കാശ് കൊടുത്ത് സിനിമ കാണുന്ന തിയേറ്ററുകൾ പോലെയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളെന്ന് അപർണയുടെ അഭിഭാഷകൻ മുകുൾ റോഹ്‌തഗി പറഞ്ഞു. പുതിയ മാർഗ്ഗരേഖകൾ സെൻസർ ബോർഡ് പോലെയാണ്. അപർണ കമ്പനിയുടെ വെറുമൊരു ജീവനക്കാരി മാത്രമാണ്. പന്ത്രണ്ടോളം കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും മുകുൾ റോഹ്‌തഗി കോടതിയെ അറിയിച്ചു.
എന്തായാലും ഉള്ളടക്കത്തിന് സ്‌ക്രീനിംഗ് ആവശ്യമാണെന്ന് തന്നെയാണ് കോടതിയുടെ വ്യക്തമായ നിലപാടെന്ന് ജസ്റ്റിസ് ഭൂഷൺ ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |