അഹമ്മദാബാദ് : പിച്ചിന്റെ സ്വഭാവത്തിൽ വലിയമാറ്റമൊന്നും വരുത്താത്ത മൊട്ടേറയിൽ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 205 റൺസിന് ആൾഔട്ടായി. ഇന്ത്യൻ സ്പിന്നർമാരായ അക്ഷർ പട്ടേലും (നാലുവിക്കറ്റ്) രവിചന്ദ്രൻ അശ്വിനും (മൂന്ന് വിക്കറ്റ്) ചേർന്നാണ് ഇംഗ്ളണ്ടിനെ ചുരുട്ടിയത്. 55 റൺസെടുത്ത ബെൻ സ്റ്റോക്സും 46 റൺസെടുത്ത ഡാൻ ലോറൻസും നടത്തിയ പോരാട്ടമാണ് കഴിഞ്ഞ ടെസ്റ്റിലേതുപോലൊരു വലിയ തകർച്ചയിൽ നിന്ന് ഇംഗ്ളണ്ടിനെ രക്ഷിച്ചത്. ആദ്യ ദിനം അവസാനിക്കുന്നതിന് മുമ്പ് മറുപടിക്കിറങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോൾ ഒരു വിക്കറ്റിന് 24 റൺസെടുത്തിരിക്കുകയാണ്.181 റൺസ് പിന്നിലാണ് ഇന്ത്യയിപ്പോൾ.
രാവിലെ ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്ടൻ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും തുടക്കത്തിലേ പ്രഹരമേറ്റു.ഫസ്റ്റ് ബൗളിംഗ് ചേഞ്ചിനെത്തിയ അക്ഷർ പട്ടേൽ ആറാം ഓവറിൽ ഡോം സിബിലിയെ(2) ക്ളീൻ ബൗൾഡാക്കി. എട്ടാം ഓവറിൽ സാക്ക് ക്രാവ്‌ലിയെയും (9) അക്ഷർ മടക്കി അയച്ചു.നായകൻ ജോ റൂട്ടിനെ (5) സിറാജ് ക്ളീൻ ബൗൾഡാക്കിയതോടെ ഇംഗ്ളണ്ട് 30/3 എന്ന സ്കോറിലെത്തി .തുടർന്ന് ക്രീസിലൊരുമിച്ച ജോണി ബെയർസ്റ്റോയും (28) ബെൻ സ്റ്റോക്സും ചേർന്ന് ലഞ്ചിന് പിരിയുമ്പോൾ 74/3 എന്ന നിലയിലെത്തിച്ചു. ലഞ്ചിന് ശേഷം ബെയർസ്റ്റോയെ എൽ.ബിയിൽ കുരുക്കി സിറാജ് അടുത്ത പ്രഹരമേൽപ്പിച്ചു.തുടർന്ന് ഒലീപ്പോപ്പിനെ (29)ക്കൂട്ടി സ്റ്റോക്സ് 100കടത്തി. അർദ്ധസെഞ്ച്വറി കടന്നയുടനെ സ്റ്റോക്സിനെ പുറത്താക്കി വാഷിംഗ്ടൺ സുന്ദർ ഇന്ത്യയ്ക്ക് വീണ്ടും മേൽക്കൈ നൽകി. ലഞ്ചിന് പിരിയുമ്പോൾ 144/5 എന്ന നിലയിലായിരുന്നു സന്ദർശകർ. ടീം സ്കോർ 166ൽ വച്ച് അശ്വിൻ പോപ്പിനെ ഗില്ലിന്റെ കയ്യിലെത്തിച്ചതോടെ ഇംഗ്ളീഷ് വിക്കറ്റ് മഴ വീണ്ടും തുടങ്ങി.49 റൺസെടുക്കുന്നതിനിടെയാണ് ഇംഗ്ളണ്ടിന്റെ അവസാന അഞ്ചുവിക്കറ്റുകൾ നഷ്ടമായത്. 74 പന്തുകളിൽ 46 റൺസെടുത്ത് ഡാൻ ലോറൻസ് ഒരറ്റത്ത് നിലയുറപ്പിക്കവേ ബെൻ ഫോക്സ്(1),ഡോം ബെസ്(3),ജാക്ക് ലീച്ച് (7) എന്നിവരെ അശ്വിനും അക്ഷറും ചേർന്ന് പുറത്താക്കി.ലോറൻസിനെ അക്ഷറിന്റെ പന്തിൽ റിഷഭ് സ്റ്റംപ് ചെയ്തുവിടുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ മൂന്നാം പന്തിൽത്തന്നെ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. ആൻഡേഴ്സണിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങുകയായിരുന്നു ഗിൽ.കളി നിറുത്തുമ്പോൾ എട്ടു റൺസുമായി രോഹിതും 15 റൺസുമായി പുജാരയുമാണ് ക്രീസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |