തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾക്കുവേണ്ടി ഇടതുനേതാക്കളെ മോശമായി ചിത്രീകരിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു. ഇടതുസർക്കാരിനെ അപകീർത്തിപ്പെടുത്താൻ കസ്റ്റംസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കസ്റ്റംസ് തിരുവനന്തപുരം മേഖലാ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും വിദേശത്തുള്ള കുറ്റക്കാർക്കും എതിരെ നടപടി എടുക്കാതെ രാഷ്ട്രീയമായി നേരിടുകയാണ്. ബി.ജെ.പിയുടെയും ഇടതുവിരുദ്ധ ശക്തിയുടെയും രാഷ്ട്രിയ ലാഭത്തിനുവേണ്ടി സ്വപ്നയെ ഭീഷണിപ്പെടുത്തിയാണ് ഇപ്പോൾ മൊഴി രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കേ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കേന്ദ്ര ഏജൻസികളുടെ നടപടി നിയമലംഘനമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ പാരച്യൂട്ടിൽ ഇറങ്ങി വന്ന നേതാവല്ല. കേരളത്തിന്റെ കൺമുന്നിൽ വളർന്ന നേതാവാണ്.
ഹിറ്റ്ലറുടെ ജർമ്മനി പോലെയാണ് മോദിയുടെ കീഴിൽ ഇന്ത്യയുടെ അവസ്ഥ. സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കി ജയിലിലടയ്ക്കുന്നു.സംഘപരിവാറിന്റെ പിൻമുറക്കാരായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഇടതുമുന്നണി നേതാക്കളായ മാങ്കോട് രാധാകൃഷ്ണൻ (സി.പി.ഐ), ഉഴമലയ്ക്കൽ വേണുഗോപാൽ (സി.പി.എം), ചാരുപാറ രവി (എൽ.ജെ.ഡി), ഫിറോസ് ലാൽ, തോമസ് ഫെർണാണ്ടസ്, സബീർ താളിക്കുഴി, എസ്.എസ്.മനോജ് തുടങ്ങിയവർ പങ്കെടുത്തു.
തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് ഐ.എൻ.എൽ
തെറ്റുചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ പദവിയോ മറ്റ് മാനദണ്ഡങ്ങളോ ബാധകമാകരുതെന്നും ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ കേസരിഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു. ലൈഫ് ഫ്ലാറ്റ് കരാറുകാരൻ നൽകിയ ഐ ഫോണുകളിൽ ഒരെണ്ണം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ഉപയോഗിച്ചിരുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തുഷ്ടരാണ്. അർഹിക്കുന്ന പ്രാതിനിധ്യവും പരിഗണനയും ഇടതുമുന്നണിയിൽ നിന്ന് ലഭിക്കുന്നുണ്ട്. രാജ്യത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ ചോദ്യം ചെയ്യുന്നവരെ ഒന്നൊന്നായി ജയിലിലടയ്ക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൊവിഡ് പ്രതിരോധത്തിലും ആരോഗ്യ മേഖലയിലും നടത്തിയ പ്രവർത്തനങ്ങൾ മികച്ചതാണ്. പിണറായി വിജയൻ സർക്കാർ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |