ജില്ലയിൽ 24,000 പേർക്ക് തൊഴിൽ നഷ്ടം
കൊല്ലം: നിർമ്മാണ മേഖലയിലേക്ക് ആവശ്യമായ പാറ, മെറ്റൽ, എം സാൻഡ് എന്നിവ വാങ്ങുന്നതിലൂടെ ജില്ലയിൽ നിന്ന് മാത്രം പ്രതിവർഷം തമിഴ്‌നാട്ടിലേക്ക് ഒഴുകുന്നത് 700 കോടിയിലധികം രൂപയെന്ന് കണക്കുകൾ. പ്രതിദിനം ശരാശരി രണ്ടുകോടി രൂപയുടെ ക്വാറി ഉത്പന്നങ്ങളാണ് ചെങ്കോട്ട വഴി ജില്ലയിലെത്തുന്നത്.
ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് നിർമ്മാണ മേഖല തമിഴ്‌നാടിനെ ആശ്രയിക്കാൻ തുടങ്ങിയത്. ആവശ്യമായ പാറ ലഭിക്കുന്ന ക്വാറികളും അതിനോടനുബന്ധിച്ചുള്ള ക്രഷറുകളും പ്രവർത്തിപ്പിച്ചാൽ ഈ പണമൊഴുക്കിന് തടയിടാനാകും. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കാനും കഴിയുമെന്നിരിക്കെ അധികൃതർ ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കുകയാണ്.
259 ക്വാറികൾ നിശ്ചലം
2015 മാർച്ച് 31നാണ് പാരിസ്ഥിതികാനുമതിയുടെ പേരിൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിറുത്തിയത്. ഉത്തരവിറങ്ങിയപ്പോൾ ജില്ലയിലുണ്ടായിരുന്ന 260 ക്വാറികളിൽ ചടയമംഗലത്തെ ഒരെണ്ണമൊഴികെയുള്ളവ അടയ്ക്കേണ്ടിവന്നു. അതേസമയം, പൂട്ടിയവയിൽ മിക്കതും ഒരു ഹെക്ടറിൽ താഴെയുള്ള പെർമിറ്റ് ക്വാറികളായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
ക്വാറികൾ പൂട്ടിയതിലൂടെ പാറ പൊട്ടിക്കുന്നവർ, കൂടക്കാർ, മെറ്റലടിക്കുന്ന സ്ത്രീ തൊഴിലാളികൾ, ലോഡിംഗ് തൊഴിലാളികൾ എന്നീ മേഖലകളിലെ 15000ത്തിലധികം പ്രത്യക്ഷ തൊഴിലാളികളുടെ ജോലിയാണ് നഷ്ടമായത്. പരോക്ഷമേഖലയിൽ ഏഴായിരത്തോളം തൊഴിലാളികളുടെ വരുമാനമാർഗവും അടഞ്ഞു.
തരിപ്പണമായി ക്രഷർ യൂണിറ്റുകൾ
ക്വാറികൾ നിശ്ചലമായതോടെ അനുബന്ധമേഖലയായ ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനവും നിലച്ചു. പാറ ക്ഷാമത്തെ തുടർന്ന് ജില്ലയിലുണ്ടായിരുന്ന 109 ക്രഷർ യൂണിറ്റുകളിൽ എഴുപതെണ്ണവും നിറുത്തലാക്കി. ബാക്കിയുള്ളവർ പത്തനംതിട്ടയിൽ നിന്ന് പാറയെത്തിച്ച് പൊടിയാക്കി നൽകാനും തുടങ്ങി. ഈ മേഖലയിൽ കുറഞ്ഞത് രണ്ടായിരത്തിലധികം തൊഴിലാളികൾക്ക് ജോലി നഷ്ടമായെന്നാണ് കണക്ക്.
ക്വാറി പ്രവർത്തനം നാൾവഴി
1. 1967ലെ ഖനന നിയമം: ജനവാസമേഖലയിൽ നിന്ന് 50 മീറ്റർ ദൂരപരിധിയിൽ ക്വാറികൾ പ്രവർത്തിക്കാം
2. 2012 ജൂലായ് 27: സുപ്രീംകോടതി ക്വാറികൾക്ക് പാരിസ്ഥിതികാനുമതി നിർബന്ധമാക്കി
3. 2015: ദൂരപരിധി 100 മീറ്ററാക്കി സംസ്ഥാന സർക്കാർ ഖനന നിയമം പുനർനിർണയിച്ചു
4. 2015 മാർച്ച് 31: ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം അവസാനിച്ചു
5. 2017 ജൂൺ 22: ദൂരപരിധി പഴയതരത്തിൽ 50 മീറ്ററാക്കി
(പാരിസ്ഥിതികാനുമതി നിർബന്ധമാക്കിയതിനാൽ മിക്ക ക്വാറികളുടെയും പ്രവർത്തനം പുനരാംഭിക്കാൻ കഴിഞ്ഞില്ല)
പരിധിവിട്ട് ഹരിത ട്രൈബ്യൂണൽ
2016ൽ ക്വാറികൾക്ക് പരിസ്ഥിതികാഘാത സമിതിയുടെ അനുമതി നിർബന്ധമാക്കി ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കിയിരുന്നു. കൂടാതെ ദൂരപരിധി 200 മീറ്ററാക്കണമെന്ന നിർദ്ദേശവും സംസ്ഥാന സർക്കാരിന് നൽകി. എന്നാൽ കേന്ദ്ര ഖനന നയത്തിൽ ദൂരപരിധി നിശ്ചയിക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കാണെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാരണത്താൽ സംസ്ഥാന സർക്കാരിന്റെ അധികാരത്തിന്മേലുള്ള കൈകടത്തലായാണ് ട്രൈബ്യൂണലിന്റെ ഇടപടൽ വിലയിരുത്തപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |