കണ്ണൂർ: കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജന്റെ പേരുണ്ടാകുമെന്ന് ഉറപ്പിച്ച അണികളെ മുഴുവൻ ഞെട്ടിച്ചാണ് സംസ്ഥാന നേതൃത്വം തഴഞ്ഞത്. കപ്പിനും ചുണ്ടിനുമിടയിൽ സീറ്റ് നിഷേധിക്കപ്പെട്ടത് പി. ജയരാജന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തുന്ന തീരുമാനമായേക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഭയക്കുന്നു.
ജില്ലാസെക്രട്ടറി സ്ഥാനം രാജിവച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരാടാനിറങ്ങിയപ്പോൾ, ജയരാജന് കണ്ണൂരിൽ സീറ്റ് നൽകാതെ കോഴിക്കോട്ടെ വടകരയാണ് നൽകിയത്. സത്‌സംഗ് ഫൗണ്ടേഷൻ അദ്ധ്യക്ഷനും ആത്മീയാചാര്യനുമായ ശ്രീ എമ്മിന്റെ മദ്ധ്യസ്ഥതയിൽ സി.പി.എം- ആർ.എസ്.എസ് ചർച്ച നടത്തിയിരുന്നെന്ന് സ്ഥിരീകരിച്ചും ചർച്ച നടത്തിയില്ലെന്ന എം.വി. ഗോവിന്ദന്റെ നിലപാട് തള്ളിയും കഴിഞ്ഞ ദിവസം പി. ജയരാജൻ രംഗത്തുവന്നത് പാർട്ടി നേതൃത്വത്തെ അലോസരപ്പെടുത്തി.
പി.ജെ ആർമി സൈബർ കൂട്ടായ്മയുടെ നിലപാടുകളും പലപ്പോഴും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഗ്രൂപ്പിന്റെ പല പോസ്റ്റുകളും വ്യക്തിപൂജ എന്നു വ്യാഖ്യാനിക്കപ്പെട്ടു. പി. ജയരാജൻ തള്ളിപ്പറഞ്ഞെങ്കിലും അനുകൂല പോസ്റ്റുകൾ ഗ്രൂപ്പുകളിൽ സജീവമാണ്.
കണ്ണൂർ തളാപ്പ് അമ്പാടിമുക്കിലെ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ സി.പി.എമ്മിലേക്ക് കൊണ്ടുവന്നാണ് ജയരാജൻ ശ്രദ്ധേയനായത്.
മഹാഭാരത യുദ്ധരംഗത്തെ കൃഷ്ണാർജുനന്മാരായി പിണറായിയെയും പി. ജയരാജനെയും ചിത്രീകരിച്ചും ജയരാജൻ അടുത്ത ആഭ്യന്തര മന്ത്രിയെന്ന് ഉറപ്പിച്ചും ഫ്‌ളക്‌സ് ബോർഡും സ്ഥാപിച്ചിരുന്നു. തുറന്ന വാഹനത്തിൽ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ച് നീങ്ങുന്ന പി. ജയരാജന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപൻ, ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തര മന്ത്രി എന്നിങ്ങനെയായിരുന്നു ബോർഡിലെ കുറിപ്പുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |