കൊലപാതക രാഷ്ട്രീയത്തിന് സിപിഎമ്മിനെ പേരെടുത്ത് വിമർശിച്ച് സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ. പുറമേ രാഷ്ട്രീയ കൊലപാതകികളെ തള്ളിപ്പറയുന്ന പാർട്ടികൾ ഒളിഞ്ഞും തെളിഞ്ഞും അവരെ പിന്തുണയ്ക്കുന്നു. ഫേസ്ബുക്ക് വഴിയാണ് ഹരീഷിന്റെ വിമർശനം. സിപിഎമ്മിനെ പേരെടുത്ത് വിമർശിക്കുന്ന ഹരീഷ് എന്തിന്റെ പേരിലായാലും മനുഷ്യന്റെ ജീവനെടുക്കുന്നവർ ഇത്തരം പ്രവർത്തികൾ മനുഷ്യത്വവിരുദ്ധമാണ്, നീചമാണ്, അധമമാണ് എന്ന് എന്നാണ് പഠിക്കുക എന്ന് ചോദിക്കുന്നു. ഇത് പഠിച്ചിട്ട് പോരെ നവോത്ഥാനം എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം:
എന്തുകൊണ്ട് കൊലപാതക രാഷ്ട്രീയം നിലനിൽക്കുന്നു? ഉത്തരം ലളിതം. അക്രമിക്കുന്നവരെയോ കൊലപാതകം നടത്തുന്നവരെയോ അതത് പാർട്ടികൾ പിന്തുണയ്‌ക്കാതെ ഇരിക്കുന്നില്ല. പരസ്യമായി പേരിനു തള്ളിപ്പറഞ്ഞാലും പോലീസ് റിപ്പോർട്ട് എഴുതിക്കുന്നത് മുതൽ കേസ് നടത്താനും സാക്ഷികളെ പേടിപ്പിക്കാനും പണം നൽകാനും എല്ലാം ഒളിഞ്ഞും തെളിഞ്ഞും അതത് രാഷ്ട്രീയ പാർട്ടികൾ / നേതാക്കൾ പിന്തുണ നൽകുന്നുണ്ട്. പ്രതേകിച്ചും CPI(M). TP ചന്ദ്രശേഖരൻ കൊലപാതക കേസിനുശേഷവും ആ പാർട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നത് ഞെട്ടിക്കുന്നതാണ്.
കൊടിസുനിക്ക് ജയിലിലും പുറത്തും കിട്ടുന്ന വഴിവിട്ട സഹായങ്ങളും, കുഞ്ഞനന്തന്റെ പരോളും അസംഘ്യം ക്രിമിനൽ കേസുകളിലെ പ്രതികൾക്കുള്ള സഹായങ്ങളും അണികൾക്ക് കൃത്യമായ ഒരു സന്ദേശം നൽകുന്നുണ്ട്. ഒരധികാരവും ഇല്ലെങ്കിലും RSS ഉം ചെയ്യുന്നത് ഇതൊക്കെ തന്നെ. അതുകൊണ്ട് ഓരോ കൊലയും ഉണ്ടാകുമ്പോൾ പരസ്യമായി നേതാക്കൾ എത്ര അഭിനയിച്ചാലും എത്ര തള്ളിപ്പറഞ്ഞാലും കൊലപാതകങ്ങൾ തുടരുന്നത് അതുകൊണ്ടാണ്.
മതത്തിന്റെ പേരിലായാലും, രാജ്യത്തിന്റെ പേരിലായാലും
രാഷ്ട്രീയത്തിന്റെ പേരിലായാലും
മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നത്, മറ്റൊരാളെ കായികമായി ആക്രമിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്, നീചമാണ്, അധമമാണ് എന്ന് എന്നാണ് നാം പഠിക്കുക??
ഇത് പഠിച്ചിട്ടു പോരെ നവോത്ഥാനം?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |