ഷൊർണൂർ: വീറും വാശിയും നിറഞ്ഞ പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ആഴ്ചകളോളം രാവും പകലും മറന്ന് വോട്ടഭ്യർത്ഥന നടത്തിയ മുന്നണികൾ അവസാന ലാപ്പിന് മാറ്റിവച്ച കരുത്തുമായാണ് കുതിക്കുകയാണ്.
വള്ളുവനാട്ടിലെ പുഴയോര മണ്ഡലങ്ങളിൽ ആവേശം വാനോളമുയർന്നു. തൃത്താല, പട്ടാമ്പി, ഷൊർണൂർ മണ്ഡലത്തിൽ വീറുറ്റ പോരാട്ടങ്ങൾക്കാണ് കളമൊരുങ്ങിയത്. ഒരു കാലത്ത് ഇടതിന്റെ ഉറച്ച മണ്ഡലമായ തൃത്താലയിൽ കഴിഞ്ഞ പത്തു വർഷമായി കോൺഗ്രസിന്റെ കൊടിയാണ് പാറി പറക്കുന്നത്.
തൃത്താല
ഹാട്രിക്ക് വിജയത്തിനാണ് യു.ഡി.എഫും സ്ഥാനാർത്ഥി വി.ടി.ബൽറാമും കച്ചകെട്ടിയിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾ തനിക്ക് അനുകൂല ജനവിധി നേടിത്തരുമെന്ന വിശ്വാസത്തിലാണ് ബൽറാം. എം.എൽ.എ എന്ന നിലയിൽ അദ്ദേഹത്തിന്റെ പൊതു സ്വീകാര്യത യു.ഡി.എഫിനെ തുണയ്ക്കുമെന്ന് നേതാക്കളും പ്രവർത്തകരും പ്രതീക്ഷിക്കുന്നു.
കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാൻ എൽ.ഡി.എഫ് മുൻ എം.പി എം.ബി.രാജേഷിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തെ മണ്ഡലത്തിന്റെ വികസന മുരടിപ്പ് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഇത് തങ്ങളുടെ ചുവന്ന കോട്ട തിരിച്ചു പിടിക്കാൻ അവസരമൊരുക്കുമെന്നാണ് ഇടത് പ്രതീക്ഷ. രാജേഷെന്ന പടനായകന്റെ ചുവട് പിഴയ്ക്കില്ലെന്നാണ് അവസാന റൗണ്ടിൽ അണികൾ പറയുന്നത്.
ശങ്കു ടി.ദാസെന്ന പൊന്നാനിക്കാരനാണ് ഇരുമുന്നണികളെയും നേരിടാൻ എൻ.ഡി.എ തൃത്താലയിലിറക്കിയത്. വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തിലെ അമരക്കാരൻ പ്രചാരണ രംഗത്ത് തീപ്പൊരിയായത് ബി.ജെ.പിയുടെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പട്ടാമ്പി
തിളയ്ക്കുന്ന മീനച്ചൂടിനേക്കാൾ പൊള്ളുകയാണ് പട്ടാമ്പിപ്പോര്. അഭിമാന പോരാട്ടത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് നീങ്ങുമ്പോൾ ചൂട് മൂർദ്ധന്യത്തിലാകുന്നു. നിലവിലെ എം.എൽ.എ മുഹമ്മദ് മുഹ്സിൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രചാരണ രംഗത്ത് നിലകൊണ്ടത് തന്റെ വികസന പ്രവർത്തനം ചൂണ്ടിക്കാണിച്ചായിരുന്നു. ഈ നേട്ടങ്ങൾ മണ്ഡലം നിലനിറുത്താൻ സഹായിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇടത് മുന്നണി.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി പട്ടാമ്പി വികസന പാതയിൽ മുടന്തി നീങ്ങിയെന്ന പ്രചാരണം യു.ഡി.എഫ് സ്ഥാനാർത്ഥി റിയാസ് മുക്കോളിയും തൊടുത്തു വിടുന്നു. വൈകിയെത്തിയെങ്കിലും ഇരുമുന്നണികൾക്കും ഒപ്പമെത്തിയ റിയാസ് മുക്കോളി ജനങ്ങളുടെ സ്‌നേഹ സ്പർശത്തിൽ വിശ്വാസമർപ്പിക്കുകയാണ്. വികസന പിന്നാക്കാവസ്ഥ പരിഹരിക്കാൻ പട്ടാമ്പി തനിയ്ക്ക് അവസരം നൽകുമെന്നാണ് റിയാസ് പ്രതീക്ഷിക്കുന്നത്.
മികച്ച സംഘാടകനിലൂടെ പട്ടാമ്പിയുടെ മണ്ണിൽ വേരുറപ്പിക്കാനാകുമോ എന്ന പരീക്ഷണമാണ് എൻ.ഡി.എ നടത്തുന്നത്. കെ.എം.ഹരിദാസെന്ന സൗമ്യസാന്നിധ്യം വിജയത്തിലേക്ക് നയിക്കുമെന്ന് ബി.ജെ.പിയും കരുതുന്നു. വികസന മുരടിപ്പിന് കാരണക്കാരായവരെ ജനത്തിന് മുന്നിൽ തുറന്നു കാട്ടാനായതായി കെ.എം.ഹരിദാസ് പറയുന്നു.
ഷൊർണൂർ
ഇടതുകോട്ടയായ ഷൊർണൂരിൽ ഇടതുമുന്നണിയ്ക്ക് യാതൊരു ആശങ്കകളുമില്ല. സ്ഥാനാർത്ഥി പി.മമ്മിക്കുട്ടിയുടെ ശരീരഭാഷ തന്നെ ഇത് വ്യക്തമാക്കും. ഉറച്ച മണ്ണിൽ മികച്ച വിജയം നേടാനാകുമെന്ന് പി.മമ്മിക്കുട്ടിക്ക് ഉറപ്പുണ്ട്. പ്രചാരണ പ്രവർത്തനങ്ങളിൽ ഇടത് തുടർ ഭരണം അനിവാര്യമെന്ന അഭിപ്രായങ്ങളാണ് ഉയർന്നുവന്നതെന്ന് പ്രചാരണത്തിന് നേതൃത്വം നൽകുന്നവർ പറയുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു യു.ഡി.എഫ് സ്ഥാനാർത്ഥിയായി വന്നത് ഗുണകരമായെന്നാണ് അണികൾ പറയുന്നത്. മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ജനങ്ങൾ തനിയ്ക്കവസരം തരുമെന്നാണ് ഈ കുളപ്പുള്ളിക്കാരൻ പ്രത്യാശിക്കുന്നത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മണ്ഡലം മാറി ചിന്തിക്കാൻ പാകപ്പെട്ടെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.
ചാനൽ ചർച്ചകളിൽ മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും സന്ദീപ് വാര്യർ താരമായിരുന്നു. ഇതാണ് ഷൊർണൂരിൽ എൻ.ഡി.എ പ്രതീക്ഷ വയ്ക്കാൻ കാരണം. സന്ദീപിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. വികസന സാധ്യതകൾ തല്ലിക്കെടുത്തിയ ഇരുമുന്നണികളെയും ജനം അവഗണിക്കുമെന്ന വിശ്വാസമാണ് എൻ.ഡി.എ സ്ഥാനാർത്ഥിക്ക്. പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ ചുഴികളും ചതിക്കുഴികളും കടന്ന് വിജയത്തിന്റെ മറുകരയിലേക്ക് ആരെത്തുമെന്ന ആകാംക്ഷയുടെ നിമിഷങ്ങളാണ് നിളയോരത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |