ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട ഇൻഷ്വറൻസ് ക്ളെയിമുകളിൽ വൻ വർദ്ധന. ഈ വർഷം ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് 11,850 കോടി രൂപയുടെ 7.8 ലക്ഷം ക്ളെയിമുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞമാസം ഇത് 14,500 കോടി രൂപയുടെ 9.9 ലക്ഷം ക്ളെയിമുകളായി വർദ്ധിച്ചുവെന്ന് ഇൻഷ്വറൻസ് കമ്പനികൾ വ്യക്തമാക്കി.
കൊവിഡ് വീണ്ടും ഭീതിവിതയ്ക്കുന്ന മഹാരാഷ്‌ട്ര, കർണാടക സംസ്ഥാനങ്ങളിലാണ് ക്ളെയിമുകളിൽ അധികവും. ജനുവരിയിൽ കൊവിഡ് ചികിത്സയ്ക്കുള്ള പ്രതിദിന ക്ളെയിമുകൾ 100 ആയിരുന്നത്, മാർച്ചിൽ 50 ശതമാനം വർദ്ധിച്ച് 150 ആയെന്ന് ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ് ചൂണ്ടിക്കാട്ടി. അതേസമയം, ശരാശരി ക്ളെയിംതുക (ടിക്കറ്റ് സൈസ്) കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്, 10-20 ശതമാനം കുറഞ്ഞ് 93,000 രൂപയായിട്ടുണ്ട്. കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞപ്പോൾ ഒട്ടുമിക്ക ആശുപത്രികളും പ്രത്യേക കൊവിഡ് ചികിത്സാ വാർഡുകൾ നിറുത്തിയതാണ് ടിക്കറ്റ് സൈസ് കുറയാനിടയാക്കിയത്.
മഹാരാഷ്‌ട്രയ്ക്ക് പുറമേ ഗുജറാത്ത്, കർണാടക, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കൊവിഡ് ഇൻഷ്വറൻസ് ക്ളെയിമുകളിൽ 30 ശതമാനവും. മഹാരാഷ്‌ട്രയിൽ തന്നെ ക്ളെയിമുകളിൽ മുന്നിൽ മുംബയും പൂനെയുമാണ്. ഈമാസം ശരാശരി ടിക്കറ്റ് സൈസ് 95,000-98,000 രൂപനിരക്കിൽ തുടരുമെന്നാണ് ജനറൽ ഇൻഷ്വറൻസ് കമ്പനികളുടെ വിലയിരുത്തൽ.
കാലാവധി
സെപ്‌തംബർ വരെ
കൊവിഡ് ഇൻഷ്വറൻസ് പോളിസികളുടെ വില്പന സെപ്‌തംബർ 30 വരെ തുടരാൻ ഇൻഷ്വറൻസ് കമ്പനികൾക്ക് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) അനുമതി നൽകിയിട്ടുണ്ട്. മാർച്ച് 31ന് അവസാനിക്കേണ്ട കാലാവധിയാണ് നീട്ടിയത്.
കഴിഞ്ഞ ജൂലായിലാണ് 'കൊറോണ കവച്", 'കൊറോണ രക്ഷക്" പോളിസികൾ വിപണിയിലെത്തിയത്. 18-65 വയസുള്ളവർക്കാണ് പോളിസി എടുക്കാനാവുക. മൂന്നര, ആറര, ഒമ്പതരമാസക്കാലാവധികളാണ് പോളിസികൾക്കുള്ളത്.
ആശുപത്രി മുറിവാടക, നഴ്‌സിംഗ്, ഐ.സി.യു., ഡോക്‌ടർ ഫീ, കൺസൾട്ടന്റ് ഫീസ്, പി.പി.ഇ കിറ്ര്, ഗ്ളൗസ് ചെലവുകളും വീട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് ചെലവും ഉൾപ്പെടുത്താവുന്നതാണ് പോളിസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |