ഒരുമിച്ച് ഡാൻസ് ചെയ്തതിന്റെ പേരിൽ വർഗീയ നിറം കലർത്തിയ അവഹേളനം കേൾക്കേണ്ടി വന്ന തൃശൂരിലെ മെഡിക്കൽ വിദ്യാർഥികൾക്ക് പിന്തുണയുമായി ബിജെപി വക്താവും ഷൊർണൂരിലെ പാർട്ടി സ്ഥാനാർത്ഥിയുമായ സന്ദീപ് വാര്യർ. ഡാൻസ് വീഡിയോയിലുള്ള ജാനകി ഓംകുമാറിനും നവീൻ റസാഖിനും താൻ അഭിനന്ദിക്കുന്നുവെന്നും കൂടുതൽ മികച്ച പ്രകടനങ്ങളുടെ ഇരുവർക്കും ഇനിയും മുന്നോട്ട് വരാൻ സാധിക്കട്ടെയെന്നും സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസിച്ചു.
'തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ്...സംഗതി പൊരിച്ചൂ ട്ടാ'-എന്ന് പറഞ്ഞുകൊണ്ടാണ് സന്ദീപ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 30 മാത്രം ദൈർഘ്യമുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റുമായി വൻതോതിൽ വൈറലായി മാറിയിച്ചു. ഇത് സംബന്ധിച്ച വാർത്തകൾ അടിസ്ഥാനമാക്കി വന്ന വർഗീയ ചുവയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൻ വിമർശനം ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു.
കുറിപ്പ് ചുവടെ:
'തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീനിന്റെയും ഡാൻസ് വീഡിയോ പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു. അവരുടെ ഒരു ഇന്‍റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും.
തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..
NB : ഓഡിയോ പകർപ്പവകാശ പ്രശ്നത്താൽ എഫ് ബി മ്യൂട്ട് ചെയ്തിരിക്കുന്നു.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |