തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ ബന്ധുനിയമനത്തിൽ തെറ്റുകാരനാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. ജലീലിനെ ഉടൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഉറപ്പാണ് ജയിലെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ജലീൽ തന്റെ ബന്ധുവായ അദീപിനെ ന്യൂനപക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. വരും ദിവസങ്ങളിൽ സർക്കാരിന്റെ കൂടുതൽ അഴിമതികൾ പുറത്തു വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബന്ധുവായ അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ചതിൽജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത്.അദീപിനെ ജനറൽ മാനേജരായി നിയമിച്ച ജലീൽകുറ്റക്കാരനാണ്. അധികാര ദുർവിനിയോഗമാണ് നടത്തിയത്. സ്വജനപക്ഷപാതം കാട്ടിയ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമാണ് അലോകായുക്താ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ലോകായുക്ത വിധിയെ തള്ളിക്കളയുന്ന നിലപാടാണ് ജലീൽ കൈക്കൊണ്ടിരിക്കുന്നത്. ഹൈക്കോടതിയും മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. പൂർണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ജലീൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |