കോഴിക്കോട്: മന്ത്രി കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന ലോകായുക്ത വിധിയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് ചികിത്സയിലായതിനാൽ അദ്ദേഹവുമായി ആലോചിച്ച് നിയമമന്ത്രി എ കെ ബാലൻ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. ജലീലിന്റെ രാജിയ്‌ക്കായി പ്രതിപക്ഷത്ത് നിന്നും മുറവിളി ഉയരുകയാണ്.
അതേസമയം, ലോകായുക്ത ഉത്തരവിന്റെ പകർപ്പ് കിട്ടിയശേഷം മേൽക്കോടതികളെ സമീപിക്കുമെന്ന് ജലീൽ ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി.
മന്ത്രിയെന്ന നിലയിൽ സത്യസന്ധതയില്ലാത്ത നടപടിയാണ് ജലീലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് കിട്ടിയാൽ മൂന്നുമാസത്തിനുളളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ് നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്‌തികരമല്ലെങ്കിൽ ലോകായുക്ത വിഷയം ഗവർണറെ പ്രത്യേക റിപ്പോർട്ട് വഴി അറിയിക്കണം. ആ റിപ്പോർട്ട് ഗവർണർ നിയമസഭയുടെ പരിഗണനയ്ക്ക് വയ്‌ക്കണമെന്നുമാണ് കേരള ലോകായുക്ത ആക്‌ടിൽ പറയുന്നത്.
ഭരണഘടനയുടെ മൂന്നാമത്തെ ഷെഡ്യൂളിൽ ഉൾപ്പെട്ട സത്യപ്രതിജ്ഞാ ലംഘനം ജലീലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് റിപ്പോർട്ട്. വകുപ്പ് മാറ്റി പ്രശ്‌നം പരിഹരിക്കാൻപോലും കഴിയാത്ത പ്രതിസന്ധിയാണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |