തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയും നവീനും 'ബോണി എമ്മി'ന്റെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടുവച്ച വീഡിയോ വൻ വൈറലായി മാറിയതിന് പിന്നാലെ ചിലർ വർഗീയ സ്വഭാവമുള്ള പോസ്റ്റുകളുമായി എത്തിയത് വാർത്തയായിരുന്നു. ഇരുവരുടെയും മതം കണ്ടെത്തി അവരെ അവഹേളിക്കാൻ വ്യഗ്രതപ്പെട്ട ഇവർക്ക് സോഷ്യൽ മീഡിയ ചുട്ട മറുപടി നൽകുകയും ചെയ്തിരുന്നു.
നവീനിന്റെയും ജാനകിയുടെയും ഡാൻസിനെ പ്രശംസിച്ചുകൊണ്ട് ഇനിയും ഇരുവരും ഇത്തരത്തിൽ ചുവടുവയ്ക്കണം എന്നാശംസിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ വർഗീയ മനോഭാവം വച്ചുപുലർത്തുന്നവരെ ചെറുത്തത്. ഇതേതുടർന്ന് ജാനകിയും നവീനും ഒരു റേഡിയോ ചാനലിന് വേണ്ടി വീണ്ടും ഡാൻസ് ചെയ്യുകയും അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ഇരുവർക്കും പിന്തുണയുമായി വർഗീയ ചിന്താഗതിക്കാരെ എതിർത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് കേരളാ പൊലീസാണ്. കേരളാ പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ഒരു ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുന്നത്.
ലാൽ, ബാബുരാജ് തുടങ്ങിവർ അഭിനയിച്ച, 'സാൾട്ട് ആൻഡ് പെപ്പർ' എന്ന സിനിമയിലെ ഒരു രംഗം അടിസ്ഥാനമാക്കിയ ട്രോളാണ് കേരളാ പൊലീസ് പങ്കുവച്ചിരിക്കുന്നത്. മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുകൊണ്ട് മറ്റുള്ളവരെ ആക്രമിക്കുന്നവരെ 'നമ്മൾ മലയാളികൾ' തടയുന്നതാണ് ട്രോൾ.
തങ്ങൾക്ക് 'വേറൊന്നും പറയാനില്ല' എന്നും പൊലീസ് ട്രോളിന് മുകളിലായി കുറിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകൾ കൊണ്ടുതന്നെ നാല്പത്തിനായിരത്തോളം ലൈക്കുകളും മൂവായിരത്തോളം കമന്റുകളുമാണ് ഈ ട്രോൾ വാരിക്കൂട്ടിയത്. 'സാറന്മാരേ ഉമ്മ' എന്നും 'ഇതായിരിക്കണം പൊലീസ്' എന്നും മറ്റുമാണ് പോസ്റ്റിന്റെ കീഴിലെ കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |