ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായുള്ള നിർണായകമായ മറ്റൊരു പോരാട്ടം ഇന്നുമുതൽ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 11ന് ആരംഭിക്കുന്ന വാക്‌സിൻ ഉത്സവത്തിൽ വ്യക്തിപരമായും സാമൂഹികപരമായുമുള്ള ശുചിത്വം ജനങ്ങൾ പാലിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. ഏപ്രിൽ 14 വരെയാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ ഉത്സവം നടക്കുക.
കൊവിഡ് വൈറസിനെതിരായുള്ള രണ്ടാംഘട്ട യുദ്ധമാണ് ഈ നാലുദിവസങ്ങളിൽ രാജ്യത്ത് നടക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ ജനങ്ങൾ പാലിക്കേണ്ട നാല് പ്രധാനപ്പെട്ട നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.
ഓരോ വ്യക്തിയും സ്വയം വാക്‌സിനെടുക്കാൻ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്‌സിനെടുക്കാൻ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദേശം. വിവരവും വിദ്യാഭ്യാസവും കുറഞ്ഞ ആളുകൾക്ക് വാക്‌സിനെ കുറിച്ച് അറിവുണ്ടാകാനിടയില്ലെന്നും അത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്‌സിനെടുപ്പിക്കുക എന്നത് ഓരോരുത്തരും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിച്ച വ്യക്തിയ്‌ക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ നിർദേശം. രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവില്ലാത്തവരിൽ ആവശ്യമായ അവബോധം ഉണ്ടാക്കാൻ ഓരോരുത്തരും തയ്യാറാവണമെന്ന് മോദി പറഞ്ഞു.
ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയെ സുരക്ഷിതനാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരാൾ മാസ്‌ക് ധരിക്കാൻ തയ്യാറായാൽ അയാളും ഒപ്പം മറ്റുള്ളവരും സുരക്ഷിതരാകുമെന്ന് മൂന്നാമത്തെ നിർദേശമായി മോദി കൂട്ടിച്ചേർത്തു.
'മൈക്രോ കൺടെയ്ൻമെന്റ് സോൺ' രൂപീകരിക്കുകയാണ് നാലാമത്തെ നിർദേശം. ഒരു വ്യക്തി കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യമുണ്ടായാൽ അവിടെ ഒരു മൈക്രോ കൺടെയ്ൻമെന്റ് സോൺ ഉണ്ടാക്കാൻ അയാളുടെ കുടുംബവും സമൂഹവും മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ഇന്ത്യയെ പോലെ ജനസംഖ്യ കൂടിയ രാജ്യത്ത് ഏറെ ഫലപ്രദമാണ് ഈ രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |