ന്യൂഡൽഹി: ഖുറാനിലെ സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതുതാത്‌പര്യ ഹർജി സുപ്രീംകോടതി തള്ളി. ഹർജി ബാലിശമാണെന്ന് വിമർശിച്ച സുപ്രീംകോടതി ഹർജിക്കാരനിൽ നിന്ന് 50,000 രൂപ പിഴയും ചുമത്തി. യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ സെയ്ദ് വസീം റിസ്വിയാണ് ഖുറാനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചത്.
ജഡ്ജിമാരായ റോഹിന്റൺ എഫ്. നരിമാൻ, ബി.ആർ. ഗവായ്, ഋഷിഗേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. വാദങ്ങളിൽ ഉറച്ച് നില്ക്കുന്നുണ്ടോ എന്നും വാദം കേൾക്കാൻ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണനക്കെടുത്തപ്പോൾ തന്നെ നരിമാൻ റിസ്വിയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു. അഭിഭാഷകൻ ഹർജിയുമായി മുന്നോട്ട് പോകാൻ നിർബന്ധം പിടിച്ചതോടെ കുറച്ച് സമയം വാദം കേട്ട ശേഷം കോടതി ഹർജി തള്ളുകയായിരുന്നു.
തങ്ങളുടെ ശക്തി ബോദ്ധ്യപ്പെടുത്താൻ ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരാൽ ചേർക്കപ്പെട്ട സൂക്തങ്ങളാണിതെന്നും ഇവ അക്രമത്തിനും ആളുകളെ ജിഹാദിന്റെ പാതയിലേക്ക് കൊണ്ടു വരുന്നത തരത്തിൽ പ്രകോപനം ഉയർത്തുന്നവയാണെന്നുമാണ് ഹർജിയിൽ റിസ്വി ആരോപിച്ചത്. വിശുദ്ധ ഗ്രന്ഥത്തിൽ ഈ വാക്യങ്ങൾ തിരുകിച്ചേർക്കപ്പെട്ടതാണെന്നും തീവ്രവാദികൾ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |