തൃശ്ശൂർ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇത്തവണ തൃശ്ശൂർപൂരം ഭംഗിയായി നടത്തുമെന്ന് പൂരം നടത്തിപ്പുകാരായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അധികൃതർ അറിയിച്ചു. പൂരത്തിന് എത്തുന്നവർ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഹാജരാക്കണം. ഇത് ആരോഗ്യവകുപ്പ്, പൊലീസ് അധികൃതർ പരിശോധിച്ച ശേഷമേ കടത്തിവിടുകയുളളുവെന്നും കളക്‌ടറേറ്റിൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ ശേഷം ദേവസ്വം അധികൃതർ അറിയിച്ചു. 45 വയസ് കഴിഞ്ഞവർ ആർടിപിസിആർ പരിശോധനാ ഫലമോ വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ നിർബന്ധമായും കാണിക്കണം.
ഇരു ദേവസ്വവുമായും ബന്ധപ്പെട്ടവരും 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവിറ്റി സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഹാജരാക്കണം. ആൾക്കൂട്ട നിയന്ത്രണത്തിന് പൊലീസുമായി ചേർന്ന് നടപടിയുണ്ടാകും. പൂരം നടക്കുന്ന നഗര ഹൃദയത്തിലേക്കുളള 19 റോഡുകളിലും ചെക്‌പോയിന്റുണ്ടാകും. അവിടെ ആരോഗ്യ വകുപ്പ്, പൊലീസ് പരിശോധനയുമുണ്ടാകും. പൂരസമയം പ്രധാന റോഡുകൾ അടക്കും. പത്ത് വയസിൽ താഴെയുളള കുട്ടികളെ പൂരസ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല. 45 വയസിന് മുകളിൽ എത്ര പ്രായമുളളവർക്കും കൊവിഡ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പ്രവേശനം നൽകും. പൂര ചടങ്ങുകൾക്കോ ചടങ്ങുകളുടെ സമയമോ,പ്രൗഢിയോ, ആനയോ, ആളുകളോ ഒന്നും കുറയ്‌ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |