ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ ക്ഷാമമില്ലെന്നും വാക്സിൻ വിതരണം സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആസൂത്രണത്തിലാണ് കുഴപ്പം സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഇന്ന് ന്യൂഡൽഹിയിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.67 കോടി കൊവിഡ് 19 വാക്സിൻ ഡോസുകൾ ഇപ്പോഴും ലഭ്യമാണെന്നും അദ്ദേഹം പറയുന്നു. 13,10,90,370 വാക്സിൻ ഡോസുകളാണ് കേന്ദ്ര സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും എത്തിയത്. ഇതിൽ 11,43,69,677 ഡോസുകളാണ്(പാഴായിപോയതുൾപ്പെടെ) ഉപയോഗിക്കപ്പെട്ടത്.
ഏപ്രിൽ മാസം അവസാനിക്കുന്നതോടെ രണ്ട് കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലേക്കും യൂണിയൻ ടെറിട്ടറികളിലേക്കും എത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കുന്നു. ചില സംസ്ഥാനങ്ങൾ വാക്സിൻ പാഴാക്കി കളഞ്ഞിട്ടുണ്ടെന്നും അതിനാൽ നിലവിലെ സ്റ്റോക്കിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്നും രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി.
എന്നാൽ കേരളം ഇത്തരത്തിൽ വാക്സിൻ പാഴാക്കികളഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, ഉത്തർ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യമാണ് ഏറ്റവും കൂടുതൽ ആശങ്ക ജനിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽ ഇന്നലെ മാത്രം 1,61,736 പേർക്കാണ് രോഗം വന്നതായി സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 879 പേർ രോഗം മൂലം മരണപ്പെട്ടു. 12,64,698 പേരാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 1,36,89,453 പേർക്കാണ് ഇതുവരെ രോഗം വന്നത്. ആകെ 1,71,058 കൊവിഡ് മരണങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,22,53,697.
content highlight: union health ministry secretary rajesh bushan says kerala has not wasted covid vaccine in the context of vaccine shortage.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |