ന്യൂഡൽഹി: പടിഞ്ഞാറൻ രാജ്യങ്ങളിലും ജപ്പാനിലും അടക്കം ഉപയോഗിക്കുന്ന കൊവിഡ് വാക്സിനുകൾക്ക് രാജ്യത്ത് അനുമതി നൽകുന്നത് വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. വാക്സിനേഷന്റെ വേഗത വർദ്ധിപ്പിക്കുന്നതിനായാണ് നിർണായക തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഫൈസർ, മൊഡേർണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വാക്സിൻ നിർമാതാക്കൾ എത്രയും വേഗം ഇന്ത്യയിലെത്തുമെന്നത് പ്രതീക്ഷിക്കുന്നതായും ഇവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും വാക്സിൻ അഡ്മിനിസ്‌ട്രേഷൻ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ വി.കെ. പോൾ പറഞ്ഞു.
ലോകാരോഗ്യ സംഘടനയോ യു.എസ്, യൂറോപ്പ്, യു.കെ, ജപ്പാൻ എന്നിവിടങ്ങളിലെ അധികാരികൾ അംഗീകരിച്ചതോ ആയ വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകാം, അംഗീകാരത്തിനു ശേഷമുള്ള സമാന്തര ബ്രിഡ്ജിംഗ് ക്ലിനിക്കൽ ട്രയൽ ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ കമ്പനികൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്നതിന് മുൻപ് പ്രാദേശികമായ ചെറിയ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തേണ്ടതിന്റെ ആവശ്യമില്ല.
റഷ്യൻ നിർമിത വാക്സിനായ സ്പുഡ്നിക് വിക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ഈ വാക്സിനുകളുടെ പരിമിതമായ ടോസുകൾ രാജ്യത്ത് ലഭ്യമാകുമെന്നാണ് കരുതുന്നത്. സ്പുട്നിക് വിയെ കൂടാതെ ജോൺസൺ ആൻഡ് ജോൺസൺ, നോവാവെക്സ്, സൈഡസ് കാൻസിലാസ് വാക്സിൻ, ഭാരത് ബയോടെക്കിന്റെ ഇൻട്രനേസൽ എന്നീവാക്സിനുകൾക്കുകൂടി ഇന്ത്യ ഇനി അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സിൻ ക്ഷാമം നേരിടുന്നതായി മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി, തെലുങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ആരോപിച്ചതിനുപിന്നാലെ ഈ വാക്സിനുകൾക്ക് സർക്കാർ അടിയന്തര അനുമതി നൽകുമെന്ന തരത്തിലുളള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാക്സിൽ ക്ഷാമം ഉണ്ടെന്ന ആരോപണം നിഷേധിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ, സംസ്ഥാനങ്ങൾ കൊവിഡ് പ്രതിരോധത്തിലെ അവരുടെ കെടുകാര്യസ്ഥത മറയ്ക്കുന്നതിനായി കേന്ദ്ര സർക്കാരിനെ പഴിചാരുകയാണെന്ന് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |