ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കൊവിഡ് സ്ഥിരീകരിക്കുന്ന ദിവസം മുതൽ പത്ത് ദിവസം തികയുമ്പോഴാണ് ടെസ്‌റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കേണ്ടത്. ഇതാണ് പ്രോട്ടോക്കോൾ. അങ്ങനെയിരിക്കെ ആറാം ദിവസമാണ് ടെസ്‌റ്റ് നടത്തി പിമറായി വിജയൻ ഹോസ്‌പിറ്റൽ വിട്ടത്. നാലാം തീയതി മുഖ്യമന്ത്രിക്ക് കൊവിഡ് ബാധിച്ചുവെന്നാണ് പറയുന്നതെങ്കിൽ, പിന്നെങ്ങനെയാണ് അദ്ദേഹം റോഡ് ഷോ നടത്തിയതെന്ന് മുരളീധരൻ ചോദിച്ചു.
ആറാം തീയതി കൊവിഡ് ബാധിതായ മകൾ താമസിക്കുന്ന വീട്ടിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക് നടന്നുവന്ന മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണ് നടത്തിയത്. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ വന്നപ്പോൾ പോലും മുഖ്യമന്ത്രി യാതൊരുവിധ പ്രോട്ടോക്കോളും പാലിച്ചിട്ടില്ല. ഇപ്പോഴും രോഗമുക്തി നേടിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്കൊപ്പമാണ് തിരികെ പോയത്. ഇതാണോ ഒരു മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദയെന്ന് ചോദിച്ച വി മുരളീധരൻ, പിണറായി വിജയനെതിരെ പൊലീസ് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
ടിവിയിൽ കൊവിഡ് പ്രോട്ടോക്കോളിനെ കുറിച്ച് ദിവസവും പ്രസംഗിച്ച മുഖ്യമന്ത്രിക്ക് സ്വന്തം കാര്യം വന്നപ്പോൾ അതൊന്നും ബാധകമല്ലെന്നാണ്. നിയമം എല്ലാവർക്കും ബാധകമാണ്. കേരളത്തിൽ നിയമവ്യവസ്ഥയുണ്ടെങ്കിൽ അത് ലംഘിക്കുന്ന ആളുകൾക്കെതിരായി കേസെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |