കോട്ടയം: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായത് തന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാതിരുന്നത് കൊണ്ടാണെന്ന് പൂഞ്ഞാർ എംഎൽഎയും ജനപക്ഷം പാർട്ടി നേതാവുമായ പിസി ജോർജ്. തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ കൊവിഡ് വ്യാപനം തടയാൻ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്ന തന്റെ നിർദ്ദേശം തള്ളിയ സർക്കാരിനെതിരെ പിസി ജോർജ് തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ രൂക്ഷവിമർശനമാണ് നടത്തുന്നത്. കൊവിഡിനെ തടയണമെങ്കിൽ രണ്ടാഴ്ച കാലത്തേക്ക് ആരും വീടിനു പുറത്തേക്കോ മുറ്റത്തേക്കോ പോലും ഇറങ്ങരുതെന്ന നിർദ്ദേശവും പിസി ജോർജ് മുന്നോട്ട് വയ്ക്കുന്നുണ്ട്.
പിസി ജോർജിന്റെ വാക്കുകളും വീഡിയോയും ചുവടെ:
'ഞാൻ ഒരു പ്രത്യേക കാര്യം പറയാൻ ആഗ്രഹിക്കയാണ്. കൊറോണ ഇന്ന് ലോകവ്യാപകമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണെങ്കിലും, കേരളത്തിലും വളരെവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ അപകടം മുന്നിൽ കണ്ടുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഞാൻ വിനയപുരസരം ഗവൺമെന്റിനോട് അഭ്യർത്ഥിച്ചതാ...അവർ സമ്മതിച്ചില്ല. എലക്ഷൻ കമ്മീഷനോട് ഞാൻ അഭ്യർത്ഥിച്ചു...സമ്മതിച്ചില്ല. ഞാൻ പറഞ്ഞു. നിയമസഭാ ഇലക്ഷനും ഒരുമിച്ച് നടത്ത്...സമ്മതിച്ചില്ല.
ഗവൺമെന്റിന് നിർബന്ധമായിരുന്നു എല്ലാം നടത്തണമെന്ന്... ഇപ്പൊ എവിടെപ്പോയി? നിയമസഭാ ഇലക്ഷനെങ്കിലും മാറ്റി വയ്ക്കാൻ ഞാൻ പറഞ്ഞു. നിയമസഭാ ഇലക്ഷൻ രണ്ട് മാസം, മൂന്ന് മാസം മാറ്റി വച്ചാൽ ചത്തുപോകുവോ? എനിക്ക് മനസിലായില്ല. മാറ്റിവക്കാൻ പറഞ്ഞാൽ കേക്കണ്ടേ? ഞാൻ ഹൈക്കോടതിയെ സമീപിച്ചു...ബഹുമാനപ്പെട്ട ഹൈക്കോടതിയെ. ഹൈക്കോടതി കമന്റ് വന്നുകഴിഞ്ഞപ്പത്തേക്കിനും ഗവണ്മെന്റ് അവിടെയും ഹാജരായി.
ഒരു കാരണവശാലും പറ്റുകേല...എല്ലാം സജ്ജമാണ്, ഇവിടെ ആരോഗ്യപ്രശ്നം ഒന്നുമില്ല, കൊറോണയ്ക്കെതിരെയുള്ള നടപടികളെല്ലാം എല്ലാമായിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ കത്ത് കൊടുത്തുകൊണ്ട് ഇലക്ഷൻ നടത്തണമെന്ന് പറഞ്ഞു. നടത്തി. ഇപ്പോ എന്തായി? ആരുത്തരവാദിത്തം പറയും.. ഒന്നാലോയ്ച്ചേ...ഇപ്പൊ ഒറ്റ അപേക്ഷയേ എനിക്ക് ജനങ്ങളോടുളളൂ. ഈ ഗവണ്മെന്റ് പറയുന്നതും അധികാരിവർഗം പറയുന്നതും കേൾക്കാതെ, സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾ ഒറ്റയ്ക്ക്, ഓരോരുത്തരും ഏറ്റെടുക്കണം.
അതില് പ്രധാനപ്പെട്ട കാര്യം ചെയ്യാനുള്ളത്.. രണ്ടാഴ്ചത്തേക്ക് ഒരാള് പോലും വീട്ടീന്നെറങ്ങരുത്. വീട്ടീന്നെറങ്ങുന്നില്ല...തീരുമാനം. എല്ലാ കാര്യവും വീട്ടിൽ. വീട്ടീന്ന് പൊറത്തെറങ്ങരുത്. മിറ്റത്ത് പോലും കഴിയുമെങ്കിൽ ഇറങ്ങാതിരിക്കുക. അതോടെ ആ രണ്ടാഴ്ചകൊണ്ട് ഈ കൊറോണയെ നമുക്കീ നാട്ടിൽനിന്ന് ആട്ടിപ്പായിക്കാൻ പറ്റും. അതിനു ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുകയാണ്. നന്ദി. നമസ്കാരം. പിസി ജോർജ് എംഎൽഎ.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |