തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി സൺറൈസേഴ്സ് ഹൈദരാബാദ്
ഏറെ പ്രതീക്ഷകളോടെ ആസ്ട്രേലിയൻ താരം ഡേവിഡ് വാർണർക്ക് കീഴിൽ ഈ സീസണിലിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ മൂന്ന് മത്സരങ്ങളിലും തോൽക്കാനായിരുന്നു വിധി. ജയിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന മത്സരങ്ങളാണ് സൺറൈസേഴ്സ് കൈവിട്ടുകളഞ്ഞത്. മൂന്ന് കളികളിലും താരതമ്യേന എളുപ്പമുണ്ടായിരുന്ന സ്കോർ ചേസ് ചെയ്യാനുള്ള ത്രാണിയില്ലാതെ വീണുപോവുകയായിരുന്നു വാർണറും കൂട്ടരും.
ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോട് 10 റൺസിനായിരുന്നു തോൽവി. 188 റൺസായിരുന്നു ലക്ഷ്യം .177 വരെ എത്താനേ സൺറൈസേഴ്സിന് കഴിഞ്ഞുള്ളൂ. മനീഷ് പാണ്ഡേ പുറത്താകാതെ 61 റൺസുമായി ക്രീസിലുണ്ടായിരുന്നിട്ടും ലക്ഷ്യത്തിലെത്താനായില്ല.
രണ്ടാം മത്സരത്തിൽ ബാംഗ്ളൂർ നൽകിയത് 150 റൺസിന്റെ ലക്ഷ്യം. പക്ഷേ ആറു റൺസകലെ നിൽക്കാനായിരുന്നു യോഗം. അവസാന നാലോവറിൽ 35 റൺസ് മാത്രം മതിയായിരുന്നു ജയിക്കാൻ. എന്നാൽ ആറുവിക്കറ്റുകൾ നഷ്ടമായതോടെ ടീം 143/9 എന്ന സ്കോറിൽ ഒതുങ്ങി.
മൂന്നാം മത്സരത്തിൽ മുംബയ് ഇന്ത്യൻസിനോട് 13 റൺസിനായിരുന്നു തോൽവി.ജയിക്കാൻ ലക്ഷ്യമായി ലഭിച്ചത് 151 റൺസാണ്. 11.2 ഓവറിൽ 90/2 എന്ന സ്കോറിലെത്തിയിരുന്ന സൺറൈസേഴ്സ് പിന്നീട് പതിവുപോലെ തകർന്നുവീഴുകയായിരുന്നു. 47 റൺസെടുക്കുന്നതിനിടെ അവസാന എട്ടുവിക്കറ്റുകൾ കളഞ്ഞുകുളിച്ച് 137ന് ആൾഔട്ടാവുകയായിരുന്നു.
തോൽവികൾക്ക് പിന്നിൽ
ബാറ്റിംഗ് നിരയുടെ ആഴമില്ളായ്മയാണ് സൺറൈസേഴ്സിന്റെ പ്രശ്നം. വാർണർ,ബെയർ സ്റ്റോ എന്നിവർ പുറത്തായാൽ പിന്നെ ക്രീസിൽ നിന്ന് കളിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
കിവീസ് നായകനായ കേൻ വില്യംസണിനെ കളിപ്പിക്കാൻ ഇതേവരെ സൺറൈസേഴ്സ് തയ്യാറായിട്ടില്ല. പകരം പരിചയ സമ്പത്തില്ലാവരെ പരീക്ഷിക്കുകയാണ്.
മികച്ച ബാറ്റ്സ്മാനായ മനീഷ് പാണ്ഡെയുടെ നിരുത്തവാദപരമായ സമീപനം വലിയ തിരിച്ചടിയായിട്ടുണ്ട്. ആദ്യ മത്സരത്തിൽ മനീഷിന്റെ സാന്നിദ്ധ്യം അവസാന ഓവർവരെ ക്രീസിലുണ്ടായിരുന്നിട്ടും ടീമിന് ഗുണമുണ്ടായില്ല.
നടരാജൻ,റാഷിദ് ഖാൻ തുടങ്ങിയ മാച്ച് വിന്നിംഗ് ബൗളർമാർ ഉണ്ടായിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ കളിയിൽ വിജയ് ശങ്കറും മുജീബ് റഹ്മാനും ചേർന്ന് മുംബയ് ഇന്ത്യൻസിനെ തളച്ചിട്ടും അത് പ്രയോജനപ്പടുത്താനായില്ല.
അടുത്ത കളി
ബുധനാഴ്ച പഞ്ചാബ് കിംഗ്സിന് എതിരെയാണ് സൺറൈസേഴ്സിന്റെ അടുത്ത മത്സരം .
കഴിഞ്ഞ കളിയിൽ വിരാട് സിംഗ്,അഭിഷേക് ശർമ്മ, അബ്ദുൽ സമദ് എന്നിവരെ ഒന്നിച്ച് പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതാണ് പരാജയത്തിന് കാരണമായത്. ഇങ്ങനെയാണ് ടീം സെലക്ഷനെങ്കിൽ ഇവർ ഇക്കുറി കിരീടം നേടുമെന്ന് തോന്നുന്നില്ല.
- സഞ്ജയ് മഞ്ജരേക്കർ,കമന്റേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |