
ന്യൂഡൽഹി: ആർത്തവ ശുചിത്വം ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം ജീവിക്കാനും സ്വകാര്യത സൂക്ഷിക്കാനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി. സർക്കാർ- സ്വകാര്യ സ്‌കൂളുകളിൽ സൗജന്യമായി സാനിറ്ററി പാഡുകൾ ലഭ്യമാക്കണം.
ശുചിത്വമുള്ള പെൺ ടോയ്‌ലെറ്റുകൾ ഉറപ്പാക്കാനും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഇത്തരം സൗകര്യങ്ങൾ വിദ്യാഭ്യാസ അവകാശത്തിന്റെ ഭാഗമാണ്. സ്വകാര്യതയും അന്തസും ഉറപ്പാക്കി ആർത്തവകാല പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനാകാത്ത പെൺകുട്ടികൾക്ക് മാനസിക സമ്മർദ്ദമേറും. സ്‌കൂളിൽ മുഴുവൻ സമയം കഴിയാനാകില്ല. 'ആർത്തവ ശുചിത്വ നയം" മൂന്നുമാസത്തിനുള്ളിൽ രാജ്യമെമ്പാടും നടപ്പാക്കണം.
വൃത്തിയുള്ളതും പ്രവർത്തനക്ഷമവുമായ ടോയ്ലെറ്റുകൾ, സാനിട്ടറി പാഡുകൾ, നിർമ്മാർജന സംവിധാനം തുടങ്ങിയവയുടെ അഭാവം പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനും മത്സരിച്ച് മുന്നേറാനുമുള്ള അവകാശത്തിനും തടസം സൃഷ്ടിക്കുന്നതായി കോടതി വിലയിരുത്തി. സ്‌കൂളിൽ പോകാതിരിക്കാനും സുരക്ഷിതമല്ലാത്ത രീതികൾ സ്വീകരിക്കാനും നിർബന്ധിതരായേക്കാം. മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നത് ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം.
ആർത്തവ ആരോഗ്യം സ്ത്രീയുടെ രഹസ്യപ്രശ്നമല്ലെന്നും പുരുഷ സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
ശുചിത്വ മാനേജ്മെന്റ് കോർണറും
വെൻഡിംഗ് മെഷീനും സ്ഥാപിക്കണം
1. നഗര- ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സർക്കാർ- സ്വകാര്യ സ്കൂളുകളിലും പെൺകുട്ടികൾക്ക് മാത്രമായി ടോയ്‌ലെറ്റുകൾ ഉറപ്പാക്കണം. സോപ്പും വെള്ളവും ഉണ്ടാവണം. സ്വകാര്യത ഉറപ്പാക്കുന്ന രൂപകല്പനയാവണം.
2. ഓക്‌സോ- ബയോ ഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണം. ഇവ പെട്ടെന്ന് എടുക്കാൻ തക്കവിധം വെൻഡിംഗ് യന്ത്രങ്ങൾ ടോയ്‌ലെറ്റ് പരിസരത്തോ, മറയുള്ള ഇടങ്ങളിലോ വയ്‌ക്കണം.
3. അടിവസ്ത്രങ്ങൾ, യൂണിഫോമുകൾ, ഡിസ്പോസിബിൾ പാഡുകൾ, മറ്റ് ആവശ്യമായ വസ്തുക്കൾ എന്നിവ ലഭ്യമാവുന്ന 'ആർത്തവ ശുചിത്വ മാനേജ്‌മെന്റ് കോർണർ" സ്ഥാപിക്കണം.
4. സാനിട്ടറി പാഡുകൾ സുരക്ഷിതമായി സംസ്‌കരിക്കാനുള്ള സംവിധാനം വേണം. ഉപയോഗിച്ച സാനിട്ടറി പാഡുകൾ നിക്ഷേപിക്കാൻ ടോയ്ലെറ്റുകളിൽ മൂടിയുള്ള, വൃത്തിയുള്ള വേസ്റ്റ് ബിൻ വേണം.
ഹരിയാന സംഭവം
ഗൗരവം വർദ്ധിപ്പിച്ചു
പൊതുപ്രവർത്തകയായ ഡോ. ജയാ താക്കൂർ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 6മുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികൾക്കും സൗജന്യ സാനിട്ടറി പാഡ്, പ്രത്യേക സ്‌ത്രീ ടോയ്‌ലെറ്റ് തുടങ്ങിയവ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കഴിഞ്ഞ നവംബറിൽ ഹരിയാനയിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ ആർത്തവ സമയത്ത് ജോലിക്ക് ബുദ്ധിമുട്ട് പ്രകടിപ്പിച്ച മൂന്ന് വനിതാ ശുചീകരണ തൊഴിലാളികളോട് സാനിറ്ററി പാഡുകളുടെ ഫോട്ടോ കാണിക്കാൻ ആവശ്യപ്പെട്ട സംഭവം കോടതി ഗൗരവത്തിലെടുത്തു.
പെൺകുട്ടികളുടെ നിശബ്ദതയുടെ ആഘാതം മനസ്സിലാക്കാത്ത സമൂഹത്തിനുവേണ്ടിയാണ് വിധി. ശരീരം ഭാരമായി കണക്കാക്കി സ്കൂളിൽ വരാത്ത ഓരോ പെൺകുട്ടിക്കും വേണ്ടിയാണ്.
-ജസ്റ്റിസ് പർദിവാല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |