തിരുവനന്തപുരം: ന്യൂനപക്ഷ കമ്മിഷൻ സ്ഥാനത്തിരുന്ന് മുസ്ലീം ലീഗ് നടത്തിയ കൊളള തുറന്നുകാട്ടാനാണ് അതിന് പ്രാപ്‌തനായ ഒരു ഉദ്യോഗസ്ഥനെ അദ്ദേഹം നിയമിച്ചതെന്ന് എ എൻ ഷംസീർ എം എൽ എ. കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട് ഹൈക്കോടതി വിധിക്ക് ഇനി പ്രസക്തിയില്ല. ജലീൽ ഏതെങ്കിലും തരത്തിൽ അഴിമതിക്ക് കൂട്ട് നിൽക്കുന്ന വ്യക്തിയല്ലെന്നും ഷംസീർ പറഞ്ഞു.
ജലീലിന്റെ കൈകൾ ശുദ്ധമാണ്. അത് സി പി എമ്മിന് ബോദ്ധ്യമുളള കാര്യമാണ്. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്. നാട്ടിലെ നിയമവ്യവസ്ഥ അംഗീകരിക്കുന്ന പാർട്ടിയാണ് സി പി എം. ഹൈക്കോടതി വിധി അന്തിമമല്ലല്ലോ, അതിന് മേലെയും കോടതി ഉണ്ടല്ലോ എന്നും ഷംസീർ പറഞ്ഞു.
ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജി വയ്‌ക്കണമെന്ന പരാമർശമുളള ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നും അതിൽ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷംസീർ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ജലീലിന് എതിരെ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ലോകായുക്ത വിധിയിൽ ഇടപെടേണ്ടതില്ലെന്ന് തീരുമാനമെടുത്ത ഹൈക്കോടതി ജലീലിന്റെ ഹർജി തളളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |