ചെന്നൈ: ഡബ്ള്യു.ടി.പി ലൈവ് സാഹിത്യ പുരസ്‌കാരം-2021 പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ആർ. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കഥ", കഥാവിഭാഗത്തിൽ പി.വി. ഷാജികുമാറിന്റെ 'സ്ഥലം", കവിതാവിഭാഗത്തിൽ ഡോണ മയൂരയുടെ 'നീലമൂങ്ങ", സാഹിത്യ വിമർശന വിഭാഗത്തിൽ പി. പവിത്രന്റെ 'മാർക്‌സ്, ഗാന്ധി, അംബേദ്‌കർ ആധുനികവാദത്തിന്റെ രാഷ്‌ട്രീയ സൗന്ദര്യശാസ്‌ത്രം" എന്നിവയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
എഴുത്തുകാരായ കെ. സച്ചിതാനന്ദൻ, എസ്. ശാരദക്കുട്ടി, എൻ. ശശിധരൻ, വി.എം. ഗിരിജ എന്നിവരാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. 10,000 രൂപയും ഫലകവും അടങ്ങിയതാണ് ഓരോ പുരസ്‌കാരവും. 2019-20ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. പുരസ്‌കാര ജേതാക്കളെ എ.വി. അനൂപ്, പി.എൻ. രവി എന്നിവർ അനുമോദിച്ചു. ബിനിത തമ്പി, സി. ദേവദാസ് എന്നിവർ സംസാരിച്ചു. പുരസ്‌കാര വിതരണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് എഡിറ്റർ ടി. അനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |