ന്യൂഡൽഹി: രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികൾ ശക്തമാക്കി ഇന്ത്യൻ വ്യോമസേന. ഓക്സിജൻ ടാങ്കറുകളെ ഡൽഹി ഉൾപ്പടെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനാണ് സേന പ്രഥമ പരിഗണന നൽകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാൻസ്പോർട്ട് വിമാനമായ സി-17 ന്റെ രണ്ട് വിമാനങ്ങളാണ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ ദൗത്യത്തിന് ഉപയോഗിച്ചേക്കും. ആരോഗ്യപ്രവർത്തകർക്കൊപ്പം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനും വ്യോമസേന മുന്നിലുണ്ട്. കൊവിഡ് ടെസ്റ്റിംഗ് സംവിധാനങ്ങൾ ലഡാക്കിൽ എത്തിച്ചതും വ്യോമസേനയുടെ പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ചാണ്.
കഴിഞ്ഞദിവസം തന്നെ ദൗത്യം ആരംഭിക്കുന്നതിനെക്കുറിച്ച് വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാൻ വ്യോമസേന മുന്നിട്ടിറങ്ങിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച വെർച്വൽ യോഗത്തിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാൻ തയ്യാറായിരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.
ഡൽഹി ഉൾടെയുള്ള പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടിയതോടെ കടുത്ത ഓക്സിജൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതുകാരണം പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നത് നിറുത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെയുള്ള ഓക്സിജൻ വിതരണം അവലോകനംചെയ്യാൻ പ്രത്യേക യോഗം ചേർന്നിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും വലിയ എയർക്രാഫ്റ്റുകളിലൊന്നാണ് സി-17 ഗ്ലോബ് മാസ്റ്റർ. ടാങ്കുകളും ഹെലികോപ്ടറുകളും വലിയ ട്രക്കുകളുംവരെ കൊണ്ടുപോകാനുള്ള ശേഷിയുള്ളവയാണ് ഇത്തരം വിമാനങ്ങൾ. പരുക്കൻ റൺവേയിൽപോലും വളരെ എളുപ്പത്തിൽ പ്രശ്നമൊന്നുമില്ലാതെ ഇറക്കാൻ കഴിയും. കൊവിഡിന്റെ തുടക്കത്തിൽ ഇറാനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സി-17 ഗ്ലോബ് മാസ്റ്റർ ഉപയോഗിച്ചിരുന്നു. കൊവിഡിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും ഈ വിമാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |