SignIn
Kerala Kaumudi Online
Friday, 29 March 2024 2.00 AM IST

'രാജ്യത്തിന് മുഴുവൻ സൗജന്യ വാക്‌സിൻ നൽകാൻ കേന്ദ്രം തയ്യാറാകണം'; ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ലോക്‌ഡൗണിന് സമമാകുമെന്ന് മുഖ്യമന്ത്രി

cmo

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും ശനി, ഞായർ ദിവസങ്ങളിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ ലോക്ഡൗണിന് സമമായിരിക്കുമെന്ന് മുഖ്യമന്ത്രി. മരുന്നുവാങ്ങാനും ഏ‌റ്റവും അടുത്ത രോഗിയായ ബന്ധുവിനെ സന്ദർശിക്കാനും പുറത്തിറങ്ങാം എന്നാൽ സത്യപ്രസ്‌താവന കൈയിൽ കരുതണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ടിപിആർ 21 ശതമാനം കടന്നു. ആകെ 1,30,617 പേരെ പരിശോധിച്ചതിൽ നിന്നാണ് 28447 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 55,09,000 പേർക്ക് കൊവിഡ് വാക്‌സിൻ സംസ്ഥാനത്ത് നൽകി. ഇന്ന് പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള‌ള വീഡിയോ കോൺഫറൻസിൽ കേരളം നടത്തുന്ന ഇടപെടലുകളും കേരളത്തിന്റെ ആവശ്യങ്ങളും കേന്ദ്ര സർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി നിരക്ക് 3.5 ശതമാനം എത്തിയപ്പോഴാണ് രണ്ടാമത് തരംഗം ശക്തമായതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കി സമ്പൂർണ ലോക്‌ഡൗൺ ഒഴിവാക്കി സമ്പദ് വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ അനാവശ്യമായി ആരും പുറത്തിറങ്ങരുത്. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് പോകാം. എന്നാൽ കൊവിഡ് മാനഗണ്ഡം പാലിച്ച് തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കൈയിൽ കരുതണം. മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാം. എന്നാൽ പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ.

ഇൻഡോർ പരിപാടികൾക്ക് 75 പേർക്കും ഔട്ട്ഡൗർ പരിപാടിക്ക് 150 പേർക്കും പങ്കെടുക്കാം. പരിപാടികൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകണം. ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല. ട്രെയിൻ, വിമാന യാത്രയ്‌ക്ക് പോകുന്നവർ തിരിച്ചറിയൽ രേഖ കരുതണം. ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ പോകുന്നവർ സത്യവാങ്‌മൂലം കരുതണം. വീടുകളിൽ മത്സ്യ വിൽപനയ്‌ക്ക് തടസമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തെ മുഖ്യമന്ത്രി വിമർശിച്ചു. കൈയിൽ പണമുള‌ളവർ മാത്രം വാക്‌സിൻ വാങ്ങട്ടെ എന്ന നയം ശരിയല്ല. ഒരു ഡോസ് വാക്‌സിന്റെ വില 400 രൂപയാണ്. സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിൻ വാങ്ങാൻ 1300 കോടി രൂപയാകും. വാക്‌സിൻ നയം സംസ്ഥാനങ്ങൾക്ക് അധിക ഭാരം നൽകുന്നു. രാജ്യത്ത് മുഴുവൻ സൗജന്യമായി വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കേരളത്തിൽ വാക്‌സിൻ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയരാകണം. ഫലം വരും വരെ അവർ ഐസൊലേഷനിൽ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ സാഹചര്യം നിർണായകമാണ്. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജില്ലാ കളക്‌ടറുമായുള‌ള ചർച്ചയ്‌ക്ക് ശേഷമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പറയാതെ തന്നെ ജനങ്ങൾ സംഭാവന നൽകാൻ മുന്നോട്ട് വന്നു. ഇത് സ്വാഗതാർഹമാണ്. പ്രതിസന്ധി ഘട്ടത്തിൽ ഒത്തൊരുമിച്ച കേരളജനത ലോകത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, RESTRICTIONS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.