തൃശൂർ: മേട സൂര്യനെ സാക്ഷിനിറുത്തി പെരുവനം കുട്ടൻമാരാർ വടക്കുംനാഥ ക്ഷേത്രാങ്കണത്തിലെ ഇലഞ്ഞിമരച്ചുവട്ടിൽ തീർത്തത് സർവം വിസ്തരിച്ചുള്ള മേള സദ്യ. പോയവർഷം ആസ്വദിക്കാൻ കഴിയാതെ പോയ മേളപ്പെരുമഴ പലിശയടക്കം തീർത്താണ് ഇന്നലെ പെരുവനം കുട്ടൻമാരാരും ഇരുനൂറിൽപ്പരം കലാകാരന്മാരും മേളമാരി തീർത്തത്.
ആസ്വാദകരെ മനസിൽ കണ്ട് രണ്ട് മണിക്കൂറിലേറേ നേരം കൊട്ടിക്കയറി. പാറമേക്കാവിന് മുന്നിൽ ചെമ്പട കൊട്ടി തീർന്ന ശേഷം പാണ്ടി കൊലുമ്പൽ രണ്ട് കലാശം തീർത്താണ് ഇലഞ്ഞിത്തറയിലെത്തിയത്. പെരുവനത്തിന് ഒപ്പം കേളത്ത് അരവിന്ദാക്ഷൻ മാരാർ, പെരുവനം സതീശൻ, തിരുവല്ല രാധാകൃഷ്ണൻ, പഴുവിൽ രഘുനാഥ് എന്നിവർ നിരന്നപ്പോൾ പാണ്ടിയുടെ സൗന്ദര്യം ഇലഞ്ഞിച്ചുവട്ടിൽ പൂത്തുലഞ്ഞു. വിളംബകാലത്തിലുള്ള സൗന്ദര്യം ആസ്വാദകർക്ക് ആവേശം നൽകി. തുടർന്ന് തുറന്നു പിടിച്ചു കലാശം, അടിച്ചു കലാശം, മുട്ടിന്മേൽ കേറ്റി, പതിഞ്ഞ തക്കിട്ട എന്നീ കലാശങ്ങൾക്ക് ശേഷമാണ് പെരുവനം മേളം അവസാനിപ്പിച്ചത്. ഒടുവിൽ അവസാന താളവും കഴിഞ്ഞ് വടക്കുംനാഥനെയും ഭഗവതിമാരെയും മനസിൽ ധ്യാനിച്ചാണ് പൂര നഗരിയിൽ നിന്നും വിടവാങ്ങിയത്. കൈകളും മേൽമുണ്ടും ആകാശത്തേക്ക് വീശി വാദ്യക്കാർക്ക് ആവേശം പകരുന്ന പതിവ് കാഴ്ചകൾ ഇത്തവണ ഇലഞ്ഞിത്തറയിൽ ദൃശ്യമായില്ല. പകരം പൂരം സംഘാടകരും, ദൃശ്യ മാദ്ധ്യമ പ്രവർത്തകരും, സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമായിരുന്നു ആസ്വാദകർ.
പാണ്ടിയിൽ തിളങ്ങി കിഴക്കൂട്ട്
തൃശൂർ: തിരുവമ്പാടിയുടെ പാണ്ടി കിഴക്കൂട്ടിന്റെ മേള വിസ്മയത്തിൽ വെട്ടിത്തിളങ്ങി. നായ്ക്കനാലിൽ മഠത്തിൽ നിന്നുള്ള പഞ്ചവാദ്യം കൊട്ടി കലാശിച്ച ഉടനെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടി മേളത്തിന് തുടക്കമായി. നൂറോളം കലാകാരന്മാർ അണിനിരന്നു. നായ്ക്കനാലിൽ നിന്ന് വടക്കുംനാഥന്റെ ശ്രീമൂല സ്ഥാനത്തേയ്ക്കുള്ള നടവഴിയിലേക്ക് കൊട്ടി കയറിയപ്പോൾ ചുറ്റും കൂടിയ മേളാസ്വാദകർ ആവേശം കൊണ്ടു.
വടക്കുംനാഥന്റെ തിരുമുറ്റത്ത് ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശത്തിന് പിന്നാലെ ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ട് കലാശം കൊട്ടി വടക്കുംനാഥനെയും തിരുവമ്പാടി ഭഗവതിയെയും പ്രണമിച്ച് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |