തൃശൂർ: കാലവർഷം തുടങ്ങാൻ ഒരു മാസം ബാക്കിനിൽക്കേ, നഗരത്തിലും ജനത്തിരക്കുളള പരിസരപ്രദേശങ്ങളിലും അപകടഭീഷണി ഉയർത്തി നിൽക്കുന്നത് നിരവധി മരങ്ങളും പഴക്കം ചെന്ന കെട്ടിടങ്ങളും. സുരക്ഷാ പരിശോധനയിൽ കെട്ടിടങ്ങളുടേത് പോലെ മരങ്ങളുടെ ആരോഗ്യത്തിനും പ്രത്യേക പരിഗണന നൽകണമെന്നത് ഉദ്യോഗസ്ഥർ ശ്രദ്ധിക്കാറില്ല. അതിന്റെ പരിണിതഫലമാണ് പൂരത്തിനിടെ ഉണ്ടായതെന്നും ആക്ഷേപം ഉയർന്നു.
അതേസമയം, തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നളളിപ്പിനിടെ മരം വീണ് അപകടമുണ്ടായ സംഭവത്തിന് പിന്നാലെ നഗരത്തിൽ അപകടകാരിയായി നിരവധി മരങ്ങളും കെട്ടിടങ്ങളുമുള്ളത് അക്കമിട്ട് നിരത്തിയ പട്ടികയുൾപ്പെടുത്തി സ്‌പെഷൽ ബ്രാഞ്ച് വീണ്ടും റിപ്പോർട്ട് നൽകിയി. നേരത്തെ പൂരത്തിന് മുമ്പായി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അപകടകാരിയായ കെട്ടിടങ്ങളും മരങ്ങളെയും കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് കൂടി ചേർത്താണ് പുതിയത് നൽകിയത്. ദുരന്തമുണ്ടാക്കിയ തൃപ്പാക്കൽ ക്ഷേത്രത്തിലെ ആൽമരം ഈ പട്ടികയിൽപ്പെട്ടതാണോയെന്നത് പരിശോധിക്കുന്നുണ്ട്.
പൂരങ്ങൾ അടക്കമുളള ആഘോഷങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയയോഗങ്ങളും വരെ മരങ്ങളുടെയും മറ്റും തണലിലാണ് നടക്കുന്നത്. ക്ഷേത്രങ്ങളോടു ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരങ്ങൾ അടക്കമുള്ളവയുണ്ട്. പൂരം നടക്കുന്ന തേക്കിൻകാട്ടിലും വടക്കുന്നാഥ ക്ഷേത്രത്തിലും മറ്റുമായി ധാരാളം മരങ്ങളുണ്ട്. ഒരുക്കങ്ങളുടെ ഭാഗമായി ആന പരിശോധനയിൽ തുടങ്ങി മറ്റ് സുരക്ഷാ പരിശോധനകളെല്ലാം കൃത്യമായി നിർവഹിക്കാറുണ്ട്. ഇതിനെല്ലാം സർക്കാർ സംവിധാനവുമുണ്ടെങ്കിലും മരങ്ങളുടെ കാര്യത്തിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയാറില്ല. കണക്കെടുപ്പുകളോടൊപ്പം മരങ്ങളുടെ ആരോഗ്യപരിശോധന കൂടി ഉൾപ്പെടുത്തുന്നത് ഗുണകരമാകുമെന്ന് ദുരന്ത നിവാരണ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. പൈതൃക സംരക്ഷണ സംഘടനയായ ഇൻടാക്കിന്റെ തൃശൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അടുത്തിടെ തേക്കിൻകാട്ടിലെ മരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നു. ബ്രഹ്മസ്വം മഠത്തിനടുത്തുള്ള ക്ഷേത്രവളപ്പിലെ അപകടത്തിനിടയാക്കിയ ആൽ ഈ പഠനത്തിന്റെ പരിധിയിലുൾപ്പെട്ടിട്ടില്ല.
ആൽമരം മുറിക്കുമോ ?
സംഘാടകർക്കും വാദ്യക്കാർക്കും മേലേ പൊട്ടിവീണ കൂറ്റൻ ആൽമരക്കൊമ്പിന്റെ അകം പൊള്ളയാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഏറെ നാളായി കേടുവന്ന തരത്തിലാണ് ഉൾവശം. അടുത്ത ദിവസങ്ങളിൽ പെയ്ത മഴയാണ് വീഴാൻ കാരണമായെന്നാണ് കരുതുന്നത്. അമ്പത് വർഷത്തിലേറെ പഴക്കമുള്ളതാണ് ബ്രഹ്മസ്വം മഠത്തിന് മുന്നിലെ ഈ ആൽമരമെന്ന് ദേശക്കാർ പറയുന്നു. കെ.എഫ്.ആർ.ഐ സംഘം കളക്ടർക്ക് നൽകുന്ന റിപ്പോർട്ട് പരിശോധിച്ച് ആൽമരം കൂടുതൽ അപകടത്തിനിടയാക്കുന്നതാണെങ്കിൽ മുറിച്ചു നീക്കാൻ നിർദ്ദേശിക്കും.
ദുരന്തവ്യാപ്തി കുറഞ്ഞതിങ്ങനെയും
രണ്ട് മാസം മുമ്പ് സാധാരണ വൈദ്യുതിക്കമ്പിക്ക് പകരം എ.ബി.സി. (എയറിയൽ ബഞ്ച്ഡ് കേബിൾ) ഇവിടെ സ്ഥാപിച്ചതിനാൽ വൈദ്യുതി പ്രവഹിച്ചില്ല
സാധാരണ ഉപയോഗിക്കുന്ന വൈദ്യുതിക്കമ്പികളിൽ നിന്ന് വ്യത്യസ്തമായ കവചം ഉള്ളതിനാൽ മരക്കൊമ്പ് ഒടിഞ്ഞു വീണാലും പെട്ടെന്ന് പൊട്ടാനും സാദ്ധ്യതയില്ല.
തൊട്ടടുത്ത് ചുമതലയിലുണ്ടായിരുന്ന കോർപറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി കൂടുതൽ അപകടസാദ്ധ്യത ഒഴിവാക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |