താൻ ബീഡി തെറുത്ത് സമ്പാദിച്ച രണ്ട് ലക്ഷത്തി 850രൂപയിൽ നിന്നും രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയ കണ്ണൂർ സ്വദേശി ചാലാടൻ ജനാർദ്ദനനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ് പി ജയരാജൻ. സംസ്ഥാനത്തിന് കൊവിഡ് വാക്സിൻ ലഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞ കാര്യങ്ങൾ ജനാർദ്ദനനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനകൾ മൂലമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ജനാർദ്ദനൻ തീരുമാനിച്ചതെന്നും പി ജയരാജൻ തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറയുന്നു.
കുറിപ്പ് ചുവടെ:
'ഇന്ന് നവമാധ്യങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാർദ്ദനനാണ്.വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് തന്റെ ജീവിതസമ്പാദ്യത്തിൽ 850 രൂപ മാത്രം ബാക്കിവെച്ച് 2 ലക്ഷം രൂപ സംഭാവന ചെയ്ത് മാതൃകയായി മാറിയ ചാലാടൻ ജനാർദ്ദനന്റെ വീട് അല്പസമയം മുൻപാണ് സന്ദർശിച്ചത്.പെട്ടന്ന് വൈറലായതിന്റെ അമ്പരപ്പിലായിരുന്നു അദ്ദേഹം.ഫണ്ട് നൽകിയപ്പോൾ സമൂഹം ഇത്തരത്തിൽ ആദരിക്കുമെന്ന് ജനാർദ്ദനൻ ഒരിക്കലും കരുതിയിരുന്നില്ല.
ഒരു വർഷം മുൻപാണ് ജനാർദ്ദനന്റെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെണ്മക്കളാണ് ജനാർദനന് ഉള്ളത്.ഇരുവരുടെയും വിവാഹം കഴിഞ്ഞു. 36 വർഷം ദിനേശ് ബീഡിയിൽ പണിയെടുത്തതിന് ശേഷമാണ് ജനാർദനൻ പിരിഞ്ഞത്.
തലേന്ന് രാത്രിയാണ് അദ്ദേഹം പൈസ നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്.
കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രിയുടെ ജനവിരുദ്ധ പരാമർശങ്ങൾ ജനാർദ്ദനന്റെ മനസിനെ വല്ലാതെ ഉലച്ചു.സൗജന്യമായി വാക്സിൻ നൽകാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.പറഞ്ഞ വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി സ:പിണറായി വിജയൻറെ ഉറച്ച നിലപാടിന് പിന്തുണ നൽകണമെന്ന് അദ്ദേഹം ഉറപ്പിച്ചു.അന്ന് രാത്രി ഉറങ്ങാനായില്ല.പിറ്റേ ദിവസം ബാങ്കിലെത്തി ഫണ്ട് നൽകിയതിന് ശേഷം സുഖമായി ഉറങ്ങി.
തൊഴിലാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇവിടെ കാണാനായത്.പാവപ്പെട്ട കുടുംബത്തിന്റെ നാഥന് പോലും ഇത്തരത്തിൽ പ്രതികരിക്കാൻ കഴിഞ്ഞത് സമൂഹമാകെ പരിഗണിക്കുകയും ആ മാതൃക പിന്തുടരുകയും വേണം.
സൗജന്യമായി വാക്സിൻ നൽകാനാകില്ലെന്ന നിഷേധ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരും ജനാർദ്ദനനെ പോലുള്ളവർ ഉയർത്തിയ സന്ദേശം അല്പമെങ്കിലും തിരിച്ചറിയുമോ.??'
ഇന്ന് നവമാധ്യങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് നമ്മുടെ ബീഡി തൊഴിലാളിയായ ജനാർദ്ദനനാണ്.വാക്സിൻ ചലഞ്ചിൽ...
Posted by P Jayarajan on Monday, 26 April 2021
content highlight: p jayarajan against v muraleedharan in facebook post on chaladan janardhanan.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |